ദേശിയ അവാര്‍ഡ് വേദിയില്‍ മികച്ച നേട്ടവുമായി മലയാളസിനിമ

65മത് ദേശിയ ചലച്ചിത്ര പുരസ്ക്കാര വേളയില്‍ മലയാളത്തിനു തിളക്കം. പലവിഭാഗങ്ങളിലായി ഒന്‍പതു അവാര്‍ഡുകള്‍ ആണ് മലയാളം നേടിയത്. ഏറെക്കാലത്തിനു ശേഷമാണ് ദേശിയ അവാര്‍ഡില്‍ മലയാള സിനിമ ഇത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നത്. പുരസ്ക്കാരങ്ങള്‍ക്ക് ബോളിവുഡ് സിനിമകള്‍ക്കുള്ള പ്രാതിനിധ്യം കുറഞ്ഞതും ശ്രദ്ധേയമായി. മലയാളം കഴിഞ്ഞാല്‍ ബംഗാളി, മറാത്തി ചിത്രങ്ങളാണ് നേട്ടങ്ങള്‍ കൊയ്തത്.അന്തരിച്ച പ്രമുഖ നടി ശ്രീദേവി മോം എന്ന ചിത്രത്തിലൂടെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബംഗാളി താരം റിധി സെന്നാണ് മികച്ച നടന്‍.

അസമീ ചിത്രമായ വില്ലേജ് റോക്സ്റ്റാറാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. നടി പാര്‍വതിക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ടേക് ഓഫിലെ മികച്ച പ്രകടനത്തിനാണ് അവാര്‍ഡ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള പുരസ്കാരം ടേക് ഓഫിലൂടെ സന്തോഷ് രാജന് ലഭിച്ചു. ഗാനഗന്ധര്‍വന്‍ യേശുദാസാണ് മികച്ച ഗായകന്‍. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം.

മികച്ച അവലംഭിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിലൂടെ ജയരാജ് സ്വന്തമാക്കി. തൊണ്ടിമുതലിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരവും പ്രത്യോക ജൂറി പരാമര്‍ശവും തൊണ്ടിമുതലും ദൃക്സാക്ഷിയും സ്വന്തമാക്കി. ഇതേ ചിത്രത്തിന്‍റെ തിരക്കഥയിലൂടെ മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂരിനെ തെരഞ്ഞെടുത്തു. ഭയാനകം എന്ന ചിത്രത്തിലൂടെ നിഖില്‍ എസ് പ്രതീപ് മികച്ച കാമറാമാനായി. മികച്ച സ്പെഷ്യല്‍ എഫക്ടിനുള്ള അവാര്‍ഡ് ബാഹുബലി-2 സ്വന്തമാക്കി. കാട്ര് വെളിയിടൈ എന്ന മണിരത്നം ചിത്രത്തിലെ സംഗീതസംവിധാനത്തിനും ഇതേ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതത്തിനുമായി എആര്‍ റഹ്മാന്‍ രണ്ട് ദേശീയ അവാര്‍ഡുകള് സ്വന്തമാക്കി‍.

യഷ്രാജ് സംവിധാനം ചെയ്ത മറാഠി ചിത്രം മോര്‍ഖ്യ, ഒറിയ ചിത്രം ഹലോ അര്‍സി എന്നിവയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച പ്രാദേശികഭാഷാ ചിത്രങ്ങളില്‍ ലക്ഷദ്വീപില്‍ നിന്നുള്ള സിഞ്ചാറിന് പ്രത്യേക പരാമര്‍ശം. മികച്ച തമിഴ് ചിത്രമായി ടു ലെറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ദ്രന്‍സിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ആളൊരുക്കത്തിനും അവാര്‍ഡ് ഉണ്ട്. മികച്ച നടനുള്ള മത്സരത്തില്‍ അവസാന റൌണ്ടുവരെ ഇന്ദ്രന്‍സും ഉണ്ടായിരുന്നു.