പതിനായിരങ്ങളുടെ ഇടയില്‍ ഒളിച്ചിരുന്ന കുറ്റവാളിയെ സിംപിള്‍ ആയി പിടികൂടി ; അതിനൂതന സാങ്കേതിക വിദ്യയുമായി ചൈന

ബീജിംഗ് : കുറ്റവാളികള്‍ക്ക് പേടിസ്വപ്നമാകുന്ന നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചു ചൈന. ഫേഷ്യല്‍ റെക്കഗ്നിഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ 60,000ലധികം ആളുകള്‍ പങ്കെടുത്ത സംഗീതപരിപാടിയില്‍ നിന്നാണ് ഒരു കുറ്റവാളിയെ പോലീസ് നിസാരമായി പിടികൂടിയത്. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അയോ എന്ന് വിളിക്കപ്പെടുന്ന ആ കുറ്റവാളിയുടെ മുഖം നിരീക്ഷണക്യാമറയില്‍ പതിഞ്ഞിരുന്നു. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള ക്യാമറ അയോയെ തിരിച്ചറിയുകയും അപ്പോള്‍ തന്നെ വിവരം അധികൃതരിലേക്ക് എത്തിക്കുകയും ചെയ്തു. അങ്ങനെയാണ് പരിപാടിക്കിടെ ആ ആള്‍ക്കൂട്ടത്തില്‍ നിന്ന് അയോ പിടിയിലായത്.

സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പോലീസ് തിരഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് അയോ. ചൈനയുടെ വികസിച്ചുവരുന്ന അതിനൂതന സാങ്കേതികവിദ്യയുടെ മികച്ച ഉദാഹരണമാണ് അയോ പിടിയിലായ സംഭവമെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതുമാത്രമല്ല ആള്‍ക്കൂട്ടത്തില്‍ സംശയം തോന്നുന്ന ആരുടേയും മുഴുവന്‍ വിവരങ്ങള്‍ കണ്ട്രോള്‍ റൂമില്‍ ഇരുന്നു നിമിഷനേരം കൊണ്ടു കണ്ടുപിടിക്കാന്‍ ഇതിലൂടെ കഴിയും. കൂടാതെ വാഹനങ്ങള്‍ അതിലെ ഡ്രൈവര്‍മാര്‍ എല്ലാവരെ കുറിച്ചും ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുവാന്‍ ഈ സാങ്കേതിക വിദ്യയിലൂടെ കഴിയും. അതേസമയം ജനങ്ങളുടെ മേല്‍ എല്ലാ അര്‍ഥത്തിലും പിടിമുറുക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമായും ഈ സാങ്കേതികവിദ്യയെ വിലയിരുത്തുന്നവരുണ്ട്. പൌരന്മാരുടെ മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇതെന്നും വ്യക്തിയുടെ സ്വകാര്യതയിലുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റമായും ഇത് പറയപ്പെടുന്നു.