സെക്രട്ടേറിയറ്റില്‍ ദളിത് ജീവനക്കാരന് അടിമപ്പണി
തിരുവനന്തപുരം : ക്ലാസ്ഫോര്‍ ജീവനക്കാരനായ യുവാവിനാണ് അടിമപ്പണി ചെയ്യേണ്ടി വന്നിരിക്കുന്നത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹയുടെ സഹായിയായാണ് ഇയാള്‍. അടുത്തിടെയാണ് യുവാവിനു ജോലി ലഭിച്ചത്. യുവാവിനോട് അത്ര പ്രതിപത്തി തോന്നാതിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി യുവാവിനെ പീഡിപ്പിക്കുകയാണെന്നാണ് ആരോപണം. സെക്രട്ടറി ഭക്ഷണം കഴിച്ചശേഷം എച്ചില് വാരുന്നതും പാത്രം കഴുകുന്നതും എല്ലാം ഈ യുവാവാണ്.
പാത്രം കഴുകാതെ വലിയ പാത്രത്തിനകത്താക്കി ഡ്രൈവറുടെ കയ്യില്‍ കൊടുത്തുവിട്ടാല്‍ വീട്ടിലെത്തിയ ശേഷം എന്താണ് കഴുകാത്തതെന്ന് ഫോണില്‍ വിളിച്ച് ചോദിക്കും. കൂടാതെ തന്റെ മുറിയില്‍ ചവറുകള്‍ ഇട്ടശേഷം തന്നെക്കൊണ്ട് വൃത്തിയാക്കിപ്പിക്കുമെന്നും യുവാവ് പറയുന്നു. പീഡനം അസഹനീയമായതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇയാള്‍. അതേസമയം താന്‍ ആരോടും വേര്‍തിരിവ് കാട്ടിയിട്ടില്ലെന്ന് വിശ്വനാഥ് സിന്‍ഹ പറയുന്നു. തന്റെ ഓഫീസില്‍ ആരാണ് ദളിതരെന്നോ അല്ലാത്തവരെന്നോ അറിയില്ലെന്നാണ് സിന്‍ഹ പറയുന്നത്.