കത്വ പീഡനം ; പെണ്‍കുട്ടിയുടെ കുടുംബം നാടുവിട്ടതായി റിപ്പോര്‍ട്ടുകള്‍

കത്വയില്‍ എട്ടുവയസുകാരി അതിക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ വീട്ടുകാരെ കാണ്മാനില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഭയം കാരണം ഇപ്പോഴുള്ള താമസസ്ഥലം ഉപേക്ഷിച്ച് കാശ്മീരില്‍ തന്നെ എവിടേയോ ഒളിവില്‍ താമസിക്കുകയാണ് അവളുടെ കുടുംബം എന്ന് പ്രദേശവാസികള്‍ പറയുന്നു. മകളെ ഇത്ര ക്രൂരമായി കൊല്ലാന്‍ എങ്ങനെ അവര്‍ക്ക് മനസ് വന്നുവെന്ന് ബാലികയുടെ പിതാവ് ചോദിക്കുന്നു. എത്ര ശത്രുതയുണ്ടെങ്കിലും അയല്‍ക്കാരായിരുന്നു എന്ന ചിന്തയെങ്കിലും അവര്‍ക്ക് ഉണ്ടാവേണ്ടതായിരുന്നു. ഇപ്പോള്‍ ഓരോ നിമിഷവും പേടിച്ചിട്ടാണ് ജീവിക്കുന്നത്. ഏപ്പോഴാണ് തങ്ങളൊക്കെ ആക്രമിക്കപ്പെടുക എന്ന ഭയമുണ്ട്. പക്ഷേ അതൊക്കെ സഹിക്കാവുന്നതാണ്. മകളുടെ ദുര്‍വിധി തന്നെ ഇപ്പോഴും വേട്ടയാടുകയാണ്. അതുകൊണ്ടാണ് കശ്മീര്‍ വിട്ടുപോകാന്‍ തീരുമാനിച്ചത്. വളരെ വേദനയോടെയാണ് ഈ തീരുമാനമെടുത്തത്. പക്ഷേ അവര്‍ക്ക് തങ്ങളെ ഇവിടെ നിന്ന് ആട്ടിയോടിക്കാനാണ് ഇഷ്ടം. അതിന് വേണ്ടിയാണല്ലോ മകളുടെ ജീവനെടുത്തത്. അത് നടക്കട്ടെയെന്ന് പിതാവ് പറഞ്ഞു. ഇപ്പോള്‍ തങ്ങള്‍ ഉദ്ദംപൂരിലേക്ക് പോവുകയാണ്. അവിടെ നിന്ന് കാര്‍ഗിലിലേക്ക് കുടിയേറുമെന്ന് ബാലികയുടെ പിതാവ് പറയുന്നു. അവിടെ സുരക്ഷിതമെന്നാണ് കരുതുന്നത്.

തീവ്ര ഹിന്ദുവിഭാഗം അവരുടെ മതതീവ്രവാദത്തിന്റെ ഇരകളാക്കുകയാണ് കുടിയേറ്റ വിഭാഗത്തിനെയെന്ന് അവര്‍ പറയുന്നു. ഓരോ നിമിഷവും ഭയന്നാണ് കശ്മീരില്‍ താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാം ഹിന്ദുവിഭാഗത്തിനൊപ്പമാണെന്നും തീവ്രവാദികളെ പോലെയാണ് മുസ്ലീങ്ങളെ അവര്‍ നോക്കി കാണുന്നതെന്നും ബാലികയുടെ കുടുംബം പറയുന്നു. കുറ്റവാളികള്‍ അറസ്റ്റിലായാലും ശിക്ഷിക്കപ്പെടുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം ആര്‍ക്കും വേണ്ടാത്ത കുടിയേറ്റ വിഭാഗമാണ് ബക്കര്‍വാളുകള്‍. ഗുജ്ജാര്‍ വിഭാഗവും സമാന സാഹചര്യത്തിലാണ്. പക്ഷേ പ്രതികള്‍ പ്രബല വിഭാഗത്തില്‍ ഉള്ളവരാണ്. വര്‍ഗീയമായ ചേരിതിരിവ് സര്‍ക്കാരിലും ഉണ്ടെന്ന് എല്ലാവര്‍ക്കുമറിയാവുന്ന വിഷയമാണ്. അതേസസമയം മകളുടെ ഘാതകര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. കുറ്റവാളികളെ തൂക്കികൊല്ലണം. മകളെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ രീതി ഒരിക്കലും മനുഷ്യനാല്‍ സാധിക്കാത്ത കുറ്റകൃത്യമാണ്. അവര്‍ക്ക് വധശിക്ഷ അല്ലാതെ മറ്റെന്ത് ശിക്ഷയാണ് നല്‍കുക. തന്റെ മകള്‍ അനുഭവിച്ച വേദന കുറ്റവാളികളും അറിയണമെന്ന് പിതാവ് പറയുന്നു. ഇതിനായി പോലീസ് ഏറ്റവും നന്നായി പരിശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.