സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ; അമേരിക്കയ്ക്ക് എതിരെ റഷ്യ

അമേരിക്കയും സഖ്യകക്ഷികളും കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. യു.എന്നിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയത്. ഇത് ചര്‍ച്ച ചെയ്യാന്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും പുതിന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഡൂമയില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവൊന്നുമില്ല. മൊത്തം ആഭ്യന്തര ബന്ധങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്നും യു.എന്‍ ഇക്കാര്യം അടിയന്തിരമായി ചര്‍ച്ചചെയ്യണമെന്നും പുതിന്‍ പറഞ്ഞു. അതേസമയം അമേരിക്കന്‍ സഖ്യസേനയുടെ മിസൈല്‍ ആക്രമണങ്ങള്‍ സിറിയന്‍ നഗരങ്ങളെ പ്രകമ്പനം കൊള്ളിക്കവെ ആനന്ദ നൃത്തം ചവിട്ടി യുവാക്കള്‍. നൂറ് കണക്കിന് യുവാക്കളാണ് സിറിയന്‍ തലസ്ഥാനത്ത് തെരുവിലിറങ്ങി ട്രംപിനും മറ്റു നേതാക്കള്‍ക്കുമെതിരെ വെല്ലുവിളിച്ച് പ്രകടനം നടത്തിയത്.

സിറിയയില്‍ ബോംബാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സൈന്യത്തിന് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. 110 മിസൈലുകളാണ് സഖ്യസേന സിറിയയില്‍ മണിക്കൂറുകള്‍ക്കകം വിക്ഷേപിച്ചത്. എന്നാല്‍ അമേരിക്കയുടെ നീക്കം സിറിയക്കാരെ ഒരിക്കലും ഭയപ്പെടുത്തില്ലെന്നതിന്റെ തെളിവാണ് യുവാക്കളുടെ തെരുവിലെ പ്രകടനം. അവര്‍ വിളിച്ചുപറയുന്നതും ട്രംപിനെതിരെയുള്ള മുദ്രാവാക്യങ്ങളായിരുന്നു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് അമേരിക്കന്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങിയത്. നേരം വെളുക്കുന്നതിന് മുമ്പ് തന്നെ തലസ്ഥാനമായ ദമസ്‌കസില്‍ യുവാക്കള്‍ നിറഞ്ഞിരുന്നു. വാഹനങ്ങളിലും അല്ലാതെയുമെത്തിയ അവര്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കും ഇസ്രായേലിനുമെതിരേ പ്രകടനം നടത്തി. അമേരിക്ക തുലയട്ടെ എന്നായിരുന്നു മുദ്രാവാക്യം. കാറുകളിലെത്തിയ യുവാക്കള്‍ ഹോണടിച്ച് ശബ്ദമുണ്ടാക്കുകയും സിറിയന്‍ പതാക ഉയര്‍ത്തി നൃത്തമാടുകയും ചെയ്തു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് ഞങ്ങള്‍ നിങ്ങളൊടൊപ്പമുണ്ടെന്ന് അവര്‍ വിളിച്ചുപറഞ്ഞു.