മികച്ച നടിക്കുള്ള പുരസ്ക്കാരം ; ശ്രീദേവിക്ക് വേണ്ടി പാര്‍വതിയെ തഴഞ്ഞു എന്ന് ആരോപണം ; നന്നായി എന്ന് സോഷ്യല്‍ മീഡിയ
അറുപത്തിഅഞ്ചാമത് ദേശിയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ വേളയില്‍ തിരിമറി നടന്നു എന്ന് ആരോപണം. അന്തരിച്ച പ്രമുഖ ബോളിവുഡ് നടിയായിരുന്ന ശ്രീദേവിക്ക് വേണ്ടി മലയാളി താരം പാര്‍വ്വതിയെ അവാര്‍ഡ് ജൂറി തഴഞ്ഞു എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദേശീയ അവാര്‍ഡ് കമ്മിറ്റിയിലെ പ്രാദേശിക ജൂറി അംഗമായ വിനോദ് മങ്കരയടക്കം ഈ വെളിപ്പെടുത്തല്‍ നടത്തി രംഗത്ത് വന്നുകഴിഞ്ഞു. തിരിമറി നടന്നിട്ടുണ്ട് എന്ന സൂചന തന്നെയാണ് ജൂറി ചെയര്‍മാര്‍ ശേഖര്‍ കപൂറിന്റെ വാക്കുകളിലുമുള്ളത്.
തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും ബോളിവുഡിലും അഞ്ച് പതിറ്റാണ്ടിലധികം തിളങ്ങി നിന്ന നായികയാണ് ശ്രീദേവി. എന്നാല്‍ ഈ അഭിനയ ജീവിതത്തില്‍ ദേശീയ പുരസ്‌ക്കാരം എന്ന നേട്ടം സ്വന്തമാക്കാന്‍ ശ്രീദേവിക്ക് സാധിച്ചിരുന്നില്ല. ശ്രീദേവി അഭിനയച്ച മോം എന്ന ചിത്രം ഇത്തവണ മത്സരത്തിനുണ്ടായിരുന്നു. ഇതുവരെ മികച്ച നടിക്കുന്ന ദേശീയ പുരസ്‌ക്കാരം ലഭിക്കാത്തത് കൊണ്ട് മരണാനന്തര ബഹുമതി എന്ന നിലയ്ക്ക് ശ്രീദേവിക്ക് മികച്ച നടിക്കുന്ന പുരസ്‌ക്കാരം നല്‍കിയേക്കുമെന്ന് പ്രഖ്യാപനത്തിന് മുന്‍പേ തന്നെ സൂചനകളുണ്ടായിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ മികച്ച നടി ശ്രീദേവി തന്നെ. മകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്ന അമ്മയുടെ വേഷമാണ് മോമില്‍ ശ്രീദേവി അവതരിപ്പിച്ചത്.
എന്നാല്‍ അഭിനയം നോക്കാതെ പുരസ്‌ക്കാരം കിട്ടാതെ മരിച്ചുപോയി എന്ന കാരണത്താല്‍ ശ്രീദേവിക്ക് അവാര്‍ഡ് നല്‍കിയത് ശരിയായില്ല എന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം പാര്‍വ്വതിക്കാണ് ലഭിക്കേണ്ടിയിരുന്നതെന്നും എന്നാല്‍ ഈ തീരുമാനം അട്ടിമറിക്കപ്പെട്ടുവെന്നുമാണ് സൂചന. മികച്ച നടിക്കുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ച ശേഷം ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ പറഞ്ഞത് ഇത് അവരോടുള്ള ബന്ധം കൊണ്ട് നല്‍കുന്നതല്ല എന്നാണ്. എന്നാല്‍ പിന്നീടുള്ള പ്രതികരണത്തില്‍ നിന്നും മനസ്സിലാകുന്നത് അര്‍ഹിക്കുന്നവരെ തഴഞ്ഞാണ് ശ്രീദേവിക്ക് പുരസ്‌ക്കാരം നല്‍കിയത് എന്ന് തന്നെയാണ്. ശേഖര്‍ കപൂറിന്റെ വെളിപ്പെടുത്തല്‍ പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. അതേസമയം പാര്‍വതിക്ക് അവാര്‍ഡ് ലഭിക്കാത്തത് നന്നായി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അടുത്തകാലത്തായി പാര്‍വതി ഉയര്‍ത്തി വിട്ട ചില വിവാദങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ താരത്തിനു പൊതുവേ കഷ്ടകാലമാണ്. അതിന്റെ എതിര്‍പ്പിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.