തുടര്‍ പീഡനങ്ങള്‍ രാജ്യമെങ്ങും പ്രതിഷേധം ; പ്രതിക്കൂട്ടിലായി ബി ജെ പിയും കേന്ദ്രസര്‍ക്കാരും

ഡല്‍ഹി : രാജ്യത്തെ നടുക്കിയ പീഡനവാര്‍ത്തകളെ തുടര്‍ന്ന് പ്രതിഷേധവുമായി പ്രമുഖര്‍ രംഗത്ത് വന്നതോടെ കഠുവ, ഉന്നാവ് സംഭവങ്ങളില്‍ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നു. . ഡല്‍ഹിയിലും മുംബൈയിലുമടക്കം പന്ത്രണ്ടോളം നഗരങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് പ്രതിഷേധം അറിയിച്ചു തെരുവില്‍ ഇറങ്ങിയത്. പ്ലക്കാര്‍ഡുകളേന്തിയും മനുഷ്യചങ്ങല തീര്‍ത്തുമാണ് മെട്രോ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. മുംബൈയില്‍ നടി പ്രിയങ്കാ ചോപ്രയും നിര്‍മ്മാതാവ് ഏക്താ കപൂറും ആരാധകരോട് പ്രതിഷേധത്തില്‍ പങ്കാളികളാവാന്‍ ആഹ്വാനം ചെയ്തു.

കൂടാതെ ബോളിവുഡിലെ  പ്രമുഖ താരങ്ങള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടിരിക്കുകയാണ്.ഇതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ പ്രരസ്യമായി പ്രതികരിക്കുന്നത് കാരണം ആര്‍ എസ് എസ് , ബി ജെ പി തുടങ്ങിയ പാര്‍ട്ടികളും കേന്ദ്രസര്‍ക്കാരും സമ്മര്‍ദത്തിലായിരിക്കുകയാണ്. അതുപോലെ കഠുവ, ഉന്നാവ് സംഭവങ്ങളിലെ പെണ്‍ക്കുട്ടികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് 49 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി. എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിലെ ഇടപെടലുകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് വന്ന അധഃപതനത്തിന്റെ ആഴം വ്യക്തമാക്കുന്നു. നമ്മുടെ കറുത്ത മണിക്കൂറുകളാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ പ്രതികരണം അറിയേണ്ടതുണ്ടെന്നും കത്തില്‍ ആവശ്യപ്പെടുന്നു.