ജീവിതത്തിന്റെ അനിശ്ചിതങ്ങളില്‍ ആശങ്കയോടെ, നവയുഗത്തിന്റെ സഹായത്തോടെ ഗീത നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: രണ്ടു മാസത്തെ വനിതാ അഭയകേന്ദ്രത്തിലെ താമസം അവസാനിപ്പിച്ച്, നവയുഗം സാംസ്‌കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയേക്ക് മടങ്ങുമ്പോള്‍, ഗീതയുടെ മുന്നില്‍ അവശേഷിയ്ക്കുന്നത് ജീവിതത്തിന്റെ അനിശ്ചിതങ്ങള്‍ മാത്രമായിരുന്നു.

ഒറ്റപ്പാലം സ്വദേശിനിയായ ഗീത ഭാസ്‌കരന്‍ ഒന്നര വര്‍ഷം മുന്‍പാണ് ദമാമില്‍ ഒരു സൗദിയുടെ വീട്ടില്‍ ജോലിയ്ക്ക് എത്തിയത്. വിധവയായ ഗീത, ഭര്‍ത്താവ് ഉപേക്ഷിച്ച മകളും മൂന്ന് പേരകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തികഅവസ്ഥ മെച്ചപ്പെടുത്താനാണ് പ്രവാസജോലിയ്ക്കായി എത്തിയത്. എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മോശമായ ജോലിസാഹചര്യങ്ങളാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചത് പോരാഞ്ഞിട്ട്, കഠിനമായ ശകാരവും മാനസികപീഢനങ്ങളും ഗീതയ്ക്ക് നേരിടേണ്ടി വന്നു. സ്പോണ്‍സറുടെ ഭാര്യ വളരെ മോശമായിട്ടായിരുന്നു പെരുമാറിയത്. നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത്, ആ ജോലിയില്‍ എങ്ങനെയും പിടിച്ചു നില്‍ക്കാനാണ് ഗീത ശ്രമിച്ചത്. പതിനാറ് മാസങ്ങള്‍ അവര്‍ ആ വീട്ടില്‍ ജോലി ചെയ്തു.

എന്നാല്‍ ക്രമേണ സ്പോണ്‍സറുടെ ഭാര്യയുടെ സ്വഭാവം കൂടുതല്‍ അസഹനീയമായി വന്നു. ദ്വേഷ്യം വരുമ്പോള്‍ അവര്‍ ഗീതയെ ദേഹോപദ്രവം ഏല്‍പ്പിയ്ക്കാന്‍ തുടങ്ങിയതായി ഗീത പറഞ്ഞു. സഹിയ്ക്കാവുന്നതിന്റെ പരിധി കഴിഞ്ഞപ്പോള്‍, ഗീത ആ വീട് വിട്ടോടി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. നല്ലവരായ പോലീസുകാര്‍ അവരെ ദമാം വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടനോട് ഗീത സ്വന്തം അനുഭവം പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചു. മഞ്ജു മണിക്കുട്ടന്‍ ഗീതയുടെ സ്പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും, അയാള്‍ സഹകരിയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഗീതയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു. ഗീത തന്നെ സ്വയം വിമാനടിക്കറ്റ് എടുത്തു.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി ഗീത നാട്ടിലേയ്ക്ക് മടങ്ങി.