ഒന്‍പതുകാരിക്ക് നല്‍കിയത് എച്ച് ഐ വിയുള്ള രക്തം തന്നെ ; വിവാദത്തില്‍ കുടുങ്ങി ആര്‍സിസി

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജയിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തിയ ഒന്‍പത് വയസുകാരിക്ക് നല്‍കിയത് എച്ച്ഐവി ബാധിതമായ രക്തം തന്നെയെന്ന് സ്ഥിരീകരണം. ഈ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെ വന്‍ വിവാദക്കുരുക്കിലാണ് ആര്‍സിസി പെട്ടിരിക്കുന്നത്. കാന്‍സര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ആര്‍സിസിയില്‍ എത്തിച്ച കുട്ടിയ്ക്ക് ഇവിടെവച്ച് തന്നെയാണ് എച്ച്‌ഐവി ബാധിച്ചതെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ചതില്‍ നിന്നാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധയേറ്റതെന്നും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സര്‍ ബാധിതയായ കുട്ടിയെ കടുത്ത പനിയെതുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് പനി കുറഞ്ഞതിനാല്‍ വിടുതല്‍ നല്‍കിയെങ്കിലും ശ്വാസംമുട്ടല്‍ ഉണ്ടായതിനേത്തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയിലാണ് കുട്ടി മരിക്കുന്നത്.

രക്താര്‍ബുദം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിപ്പാട് സ്വദേശിനിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് ഒന്നിന് തിരുവനന്തപും ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയുടെ ഭാഗമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ രക്തം കയറ്റിയിരുന്നു. 45 പേരില്‍ നിന്നാണ് വിവിധ ഘട്ടങ്ങളിലായി പെണ്‍കുട്ടി രക്തം സ്വീകരിച്ചത്. ഇതില്‍ ഒരാള്‍ എച്ച്‌ഐവി പോസീറ്റിവാണെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും രക്തം സ്വീകരിച്ചതിലൂടെയാണ് ഒമ്പത് വയസുകാരിക്ക് എച്ച്‌ഐവി ബാധിച്ചത്. വിന്‍ഡോ പിരീയഡില്‍ രക്തം സ്വീകരിച്ചതിനാലാണ് എച്ച്‌ഐവി ബാധ നേരത്തെ കണ്ടെത്താന്‍ കഴിയാതിരുന്നതെന്നാണ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കുന്ന വിശദീകരണം. അതേസമയം ആര്‍സിസി അധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. ഇതോടെ ഗുരുതരമായ വീഴ്ച്ചയാണ് ആര്‍സിസി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് വ്യക്തമാകുന്നത്.