വ്യാജ ഡോക്ക്ട്ടര്‍ ചമഞ്ഞ് യുവാവ് എയിംസിനെ പറ്റിച്ചത് അഞ്ച് മാസം

ന്യൂഡല്‍ഹി : അദ്നാന്‍ ഖുറം എന്ന 19 കാരനാണ് വ്യാജ ഡോക്ടറായി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനെ അഞ്ച് മാസത്തോളം കബളിപ്പിച്ചത്. വ്യാജ പേരില്‍ ഇയാള്‍ എയിംസിലെ ഡിപ്പാര്‍ട്ട്മെന്റിലും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും സുഹൃത്തുക്കളെ സൃഷ്ടിച്ചെടുത്തു. ഡോക്ടര്‍മാക്ക് വേണ്ടിയുള്ള പരിപാടികളും ഡോക്ടര്‍മാരുടെ സമരത്തിലും അടക്കം യുവാവ് സജീവ സാനിധ്യമായിരുന്നു ഇയാള്‍. യുവാവിന് വൈദ്യശാസ്ത്രത്തിലുള്ള അറിവ് മനസിലാക്കിയപ്പോള്‍ പോലീസ് പോലും ഞെട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ഡോക്ടര്‍മാര്‍ക്ക് വേണ്ടിമാത്രമുള്ള ഡയറിയും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.

അതുപോലെ എയിംസിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്റ് മേധാവികളുടെ പേരുകളും യുവാവിന് മനപ്പാഠമാണ്. ഇയാള്‍ വ്യാജ ഡോക്ടറായതിന്റെ ഉദ്ദേശം ഇപ്പോഴും വ്യക്തമല്ല. തന്നെ പറ്റി പലരോടും പല കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ എയിംസിലെ ഡോക്ടര്‍മാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ പോലും ഇയാള്‍ക്ക് സ്ഥാനം നേടാന്‍ കഴിഞ്ഞു. സ്‌തെതസ്‌കോപ് അണിഞ്ഞുകൊണ്ടുള്ള തന്‍റെ ചിത്രം അദ്നാന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഇയാള്‍ അതിലൂടെയാണ് ഡോക്ടര്‍മാരെ പരിചയപ്പെടുന്നത്. എന്നാല്‍ കുറച്ചു നാളായി തങ്ങള്‍ ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു എന്നും. കഴിഞ്ഞദിവസം ഒരു പരിപാടിക്ക് ഇടയില്‍ അവിടെ ഉണ്ടായിരുന്ന യുവാവിനോട് കാര്യങ്ങള്‍ ചോദിച്ച സമയം ഇയാള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ വന്നു. തുടര്‍ന്നാണ് അധികൃതര്‍ പോലീസിനെ വിളിക്കുന്നതും യുവാവ് അറസ്റ്റില്‍ ആകുന്നതും. ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമല്ല. ബീഹാര്‍ സ്വദേശിയാണ് യുവാവ്.