വ്യാജ ഹര്‍ത്താല്‍ അക്രമാസക്തമായി ; തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി മേഖലകളില്‍ നിരോധനാജ്ഞ

തിരൂര്‍ : സോഷ്യല്‍ മീഡിയ ആഹ്വാനംചെയ്ത ഹര്‍ത്താല്‍ അക്രമാസക്തമായതിനെ തുടര്‍ന്ന്‍ തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ഒരാഴ്ചത്തേക്കാണ് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പരക്കെ അക്രമം നടന്ന താനൂരില്‍ കെഎസ്ആര്‍ടിബി ബസ് അഗ്നിക്കിരയാക്കി. നഗരത്തില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറി. താനൂരില്‍ രാവിലെ മുതല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയും റോഡ് തടയുകയും ചെയ്തിരുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്.

അതേസമയം പൈലറ്റുമാര്‍ക്ക് സമയത്ത് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള രണ്ടു വിമാനങ്ങള്‍ വൈകി. എയര്‍ ഇന്ത്യയുടെ 11.20 പുറപ്പെടേണ്ട ഷാര്‍ജ വിമാനം 1.40നും 11.15ന് പുറപ്പെടേണ്ട ദോഹ വിമാനം 1.15നും ആണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് ബാലരാമപുരത്ത് കടകള്‍ നിര്‍ബന്ധിച്ച് അടയ്പ്പിക്കാന്‍ നോക്കിയത് സംഘര്‍ഷത്തിനു കാരണമായി.