മക്ക മസ്ജിദ് സ്ഫോടനം പ്രതികളെ വെറുതെ വിടാന്‍ വിധിപറഞ്ഞ ജഡ്ജി മണിക്കൂറുകള്‍ക്കകം സ്ഥാനം രാജി വെച്ചു
മക്ക മസ്ജിദ് സ്ഫോടനക്കേസിലെ മുഴവന്‍ പ്രതികളെയും വെറുതെ വിട്ട ഹൈദരാബാദ് എന്‍ഐഎ കോടതി ജഡ്ജി രവീന്ദര്‍ റെഡ്ഡി രാജിവച്ചു. നേരത്തെ പ്രതിപ്പട്ടികയിലുണ്ടായ സ്വാമി അസീമാനന്ദ ഉള്‍പ്പടെ അഞ്ച് പ്രതികളെ ഇദ്ദേഹം കുറ്റവിമുക്തരാക്കിയിരുന്നു. തെളിവില്ലെന്നും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചുകൊണ്ടാണ് മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടത്. കേസിന്റെ വിധി പറഞ്ഞു മണിക്കൂറുകള്‍ തികയുന്നതിനു മുന്‍പാണ് രാജിവെച്ചത്. സ്വാമി അസീമാനന്ദ ഉള്‍പ്പടെ പത്ത് പ്രതികളെ ഉള്‍പ്പെടുത്തി പിന്നീട് എന്‍ഐഎയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ പതിനൊന്ന് വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷം കേസിലെ പ്രതികളെ എല്ലാം കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
ഇപ്പോള്‍ വിധിപറഞ്ഞ ജഡ്ജി രവീന്ദര്‍ റെഡ്ഡിയുടെ രാജി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. 2007 മെയ് 18 നാണ് കേസിനാസ്പദമായ സ്ഫോടനം നടന്നത്. മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്കെത്തുന്നവരെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം നടത്തിയത്. ഒമ്പത്പേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ആദ്യം ലോക്കല്‍ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011ആയപ്പോള്‍ എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.