കത്വ സംഭവം ; ജമ്മുകശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി : കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരി ബലാല്‍സംഗത്തിനു ഇരയായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പിതാവിന്റെ ആവശ്യം സബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഏപ്രില്‍ 27ന് അകം മറുപടി നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടിക്കായി ഹാജരാകുന്ന അഭിഭാഷകയ്ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് ജമ്മു കശ്മീരിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തങ്ങള്‍ ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് റാവത്ത് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചിരുന്നു. അതേസമയം കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതി സഞ്ജി റാമിന്റെ മകള്‍ രംഗത്തെത്തി. കേസിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇത് ബലാത്സംഗക്കേസല്ല, കൊലപാതക കേസാണ് എന്നും അവര്‍ ആരോപിക്കുന്നു.