അമേരിക്കയില്‍ കാറപകടത്തില്‍ കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം ലഭിച്ചു

അമേരിക്കയില്‍ കാണാതായ നാലംഗം മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹം കണ്ടെത്തി. ആണ്‍കുട്ടിയായ സിദ്ധാര്‍ത്ഥന്റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കുട്ടികളുടെ അമ്മയായ സൗമ്യയുടെ മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് തിങ്കളാഴ്ച സന്ദീപിന്റെയും മകളുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ലോസ് ആഞ്ചലസില്‍ താമസിക്കുന്ന കുടുംബം വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന. വെള്ളിയാഴ്ച വൈകിട്ട് വടക്കന്‍ കലിഫോര്‍ണിയ വഴി സഞ്ചരിച്ച കുടുംബത്തിന്റെ വാഹനം മോശം കാലാവസ്ഥ കാരണം അപകടത്തില്‍പെട്ടതായിരിക്കാമെന്നും പോലീസ് കരുതുന്നു. കുടുംബത്തിന്റെ മൃതദേഹങ്ങള്‍ ഈല്‍ നദിയില്‍ നിന്നാണ് കണ്ടെത്തിയത്. അമേരിക്കയില്‍ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റായ സന്ദീപ് തോട്ടപ്പിള്ളി, ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെ ഏപ്രില്‍ അഞ്ച് വ്യാഴാഴ്ച മുതലാണ് കാണാതായത്. പോര്‍ട്ട് ലാന്‍ഡില്‍ നിന്നും സാന്‍ ജോസിലേക്ക് യാത്ര ചെയ്തിരുന്ന മലയാളി കുടുംബത്തെക്കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വാഹനം ഈല്‍ നദിയില്‍ വീണതായി പോലീസ് സംഘം കണ്ടെത്തുന്നത്.

സന്ദീപ്പ് തോട്ടപ്പിള്ളിയും കുടുംബവും സഞ്ചരിച്ച കാര്‍ ഡോറ ക്രീക്കില്‍ വച്ചാണ് നദിയില്‍ പതിച്ചതെന്ന് പോലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഹൈവേ പട്രോളും മറ്റു രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സൗമ്യയുടെ മൃതദേഹം ലഭിച്ചിത്. നദിയില്‍ നിന്നും കണ്ടെടുത്ത മൃതദേഹം ഒരു കുട്ടിയുടേതാണെന്നായിരുന്നു ഹൈവേ പട്രോള്‍ ആദ്യം നല്‍കിയ വിവരം. എന്നാല്‍ ഈ വിവരം തെറ്റാണെന്നും കാണാതായ സൗമ്യയുടേതാണെന്ന് മൃതദേഹമെന്നും പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തിയ ശേഷമാണ് കണ്ടെത്തിയ മൃതദേഹം സൗമ്യയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇവരുടെ വാഹനത്തിന്റെ അവശിഷ്ടങ്ങളും ഇവര്‍ ഉപയോഗിച്ചിരുന്ന ചില വസ്തുക്കളും നദിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സൗമ്യയുടെ മൃതദേഹവും കണ്ടെടുത്തത്. ഏപ്രില്‍ അഞ്ചിന് നദിയില്‍ വീണവര്‍ കിലോമീറ്ററുകള്‍ ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ നിഗമനം. വാഹനം നദിയില്‍ വീണ സമയത്ത് ശക്തമായ ഒഴുക്കുണ്ടായിരുന്നതായും, ഉടന്‍തന്നെ വാഹനം അപ്രതക്ഷ്യമായതായും ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. എറണാകുളം പറവൂര്‍ സ്വദേശിയായ ബാബു സുബ്രഹ്മണ്യത്തിന്റെ മകനാണ് സന്ദീപ് തോട്ടപ്പിള്ളി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളത്ത് നിന്നും സൂറത്തിലെത്തി അവിടെ സ്ഥിരതാമസമാക്കിയവരാണ് ബാബു സുബ്രഹ്മണ്യവും കുടുംബവും. സൂറത്തില്‍ നിന്നും പതിനഞ്ച് വര്‍ഷം മുന്‍പാണ് സന്ദീപ് തോട്ടപ്പിള്ളി അമേരിക്കയില്‍ എത്തുന്നത്.