ലോകം നേരിടുന്ന ഒരു വലിയ പ്രശ്നത്തിന് പരിഹാരം കണ്ട് ശാസ്ത്രലോകം
ലോകം നേരിടുന്ന ഒരു പ്രധാന ഭീഷണിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. കാലം എത്ര കഴിഞ്ഞാലും മണ്ണില്‍ അലിയാതെ നശിക്കാതെ ഭൂമിക്ക് ദോഷമായി ഇവ അങ്ങനെ തന്നെ കിടക്കും. മണ്ണിലലിയാത്ത പ്ലാസ്റ്റിക് മണ്ണിനും വെള്ളത്തിനും ജീവജാലങ്ങള്‍ക്കും ഭീഷണിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായ ഒരു എന്‍സൈം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ബ്രിട്ടനില്‍ പോര്‍ട്സ്മൗത്ത് സര്‍വ്വകലാശാലയിലേയും യുഎസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയിലേയും ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ലാണ് കണ്ടുപിടുത്ത വിവരം പ്രസിദ്ധീകരിച്ചത്. അപ്രതീക്ഷിതമായൊരു കണ്ടുപിടിത്തമായിരുന്നു ഇത്.
2016 ല്‍ ജപ്പാനിലെ കിയോ സര്‍വ്വകലാശാലയിലേയും ക്യോടോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ഗവേഷകസംഘമാണ് മാലിന്യശേഖരത്തില്‍ നിന്ന് പ്ലാസ്റ്റിക് വിഘടനത്തിന് സഹായിക്കുന്ന ഇഡിയോനെല്ല സകായെന്‍സിസ് (Ideonella sakaienssi) എന്ന ബാക്ടീരിയയെ കണ്ടെത്തിയത്. ഇതിനെ വിശദമായി പരിശോധിക്കുന്നതിനിടെയാണ്, പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പോളിഎതിലീന്‍ ടെറിഫ്തലേറ്റ് അഥവാ പി.ഇ.ടി എന്ന പ്ലാസ്റ്റികിനെ വിഘടിപ്പിക്കാന്‍ സകായെന്‍സിസ് 201-എഫ്6 (Ideonella sakaiensis 201-F6) എന്ന എന്‍സൈമിന് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. സൃഷ്ടിക്കപ്പെടുന്ന എന്തിനും ഒരിക്കല്‍ നാശമുണ്ടാകുമെന്ന് പറയാറുണ്ട്. അതിന് അടിവരയിടുകയാണ് ഈ കണ്ടുപിടുത്തം.