ബ്ലൂ വെയിലിനു പിന്നാലെ യുവാക്കളുടെ ജീവന്‍ എടുക്കാന്‍ ഒരു ബൈക്ക് റൈഡ് ഗെയിം ; മലയാളി യുവാവ് ലോറിയിടിച്ചു മരിച്ചു

ബ്ലൂവെയില്‍ ചലഞ്ച് എന്ന ആളെക്കൊല്ലി ഗെയിമിനു ശേഷം യുവാക്കളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരു ഗെയിം കൂടി രംഗത്ത്. വാഹനാപകടത്തില്‍ ഒറ്റപ്പാലം സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥി ബെംഗളൂരുവില്‍ മരിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ഗെയിം യുവാക്കളുടെ ഇടയില്‍ ഉള്ള വിവരം മലയാളികള്‍ അറിയുന്നത്. അയേണ്‍ബട്ട് എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിങ് ചലഞ്ചിനിടെയാണ് ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷ് ടാസ്‌ക് പൂര്‍ത്തിയാക്കുന്നതിനിടെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യവുമായാണ് മിഥുന്‍ ഒറ്റപ്പാലത്തുനിന്ന് യാത്ര ആരംഭിച്ചത്. ആദ്യം ബെംഗളൂരുവിലേക്കും അവിടെ നിന്ന് ഹൂബ്ലിയിലേക്കും പോകാനായിരുന്നു മിഥുന്റെ പദ്ധതി.

എന്നാല്‍, ഇന്ന് പുലര്‍ച്ചെ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍വച്ച് ബൈക്ക് ലോറിയില്‍ ഇടിച്ച് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. വീട്ടില്‍ കോയമ്പത്തൂരിലേക്ക് എന്നുപറഞ്ഞ് ഇന്നലെ വൈകീട്ടാണ് മിഥുന്‍ ഇറങ്ങുന്നത്. സത്യത്തില്‍ ഗെയിം ടാസ്ക് പൂര്‍ത്തിയാക്കുവാനായിരുന്നു യാത്ര. ടാസ്‌ക് പൂര്‍ത്തിയാക്കിയെന്ന് തെളിയിക്കാന്‍ യാത്ര തുടങ്ങുമ്പോഴുള്ള ബൈക്കിന്റെ കിലോമീറ്റര്‍ റീഡിംഗും തിരിച്ചെത്തുമ്പോഴുള്ള റീഡിംഗും ഓണ്‍ലൈനിലൂടെ അയച്ചുകൊടുക്കണം എന്നതാണ് നിയമം. മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളുടെ അടിസ്ഥാനത്തിലാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും ലഭിച്ചതിനെ തുടര്‍ന്നാണ് കൊലയാളി ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ബന്ധുക്കള്‍ അറിയുന്നത്.