നോട്ട് ക്ഷാമം ; നോട്ടുകളുടെ അച്ചടി 24 മണിക്കൂറാക്കുന്നു ; രണ്ടായിരം രൂപാ നോട്ടുകള്‍ കാണ്മാനില്ല
രാജ്യത്തെ പല സംസ്ഥാനങ്ങളിലും തുടരുന്ന നോട്ട് ക്ഷാമം പരിഹരിക്കാന്‍ നോട്ടുകള്‍ അച്ചടിക്കുന്ന പ്രസ്സുകളുടെ പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ നാല് പ്രസ്സുകളിലും പ്രവര്‍ത്തനസമയം 24 മണിക്കൂറാക്കി വര്‍ധിപ്പിച്ച് കറന്‍സി ക്ഷാമം പരിഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 500, 200 രൂപാ നോട്ടുകളാവും ഇത്തരത്തില്‍ അച്ചടിക്കുക. അങ്ങനെ ഒരാഴ്ച്ചയ്ക്കുള്ളില്‍ 70,000 കോടി രൂപ വിതരണത്തിന് തയ്യാറാക്കാനാണ് പദ്ധതിയിടുന്നത്. രാജ്യത്തിന്റെ ഭാഗങ്ങളിലും എടിഎം മെഷീനുകളില്‍ നോട്ട് ക്ഷാമമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. കറന്‍സി അച്ചടി പ്രക്രിയ പൂര്‍ത്തിയാവാന്‍ 15 ദിവസങ്ങള്‍ ആവശ്യമാണ്.
ഇപ്പോള്‍ അച്ചടി ആരംഭിച്ചാല്‍ മാത്രമേ ഈ മാസം അവസാനിക്കുമ്പോഴേക്കും നോട്ടുകള്‍ വിതരണത്തിന് തയ്യാറാവൂ. ഏറ്റവും അവസാനമായി പ്രസ്സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചത് നോട്ട് നിരോധിക്കലിനെത്തുടര്‍ന്ന് 2000 രൂപാ നോട്ടുകള്‍ പുറത്തിറക്കിയ സമയമാണ്. അതേസമയം വിപണിയില്‍ നിന്നും രണ്ടായിരം രൂപാ നോട്ടുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അഞ്ഞൂറിന്റെ നോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയില്‍ കൂടുതലും ലഭ്യമാകുന്നത്. എന്നാല്‍ നോട്ട് ക്ഷാമം ഇല്ലെന്നും കറന്‍സി നോട്ടുകളുടെ അപര്യാപ്തത പ്രാദേശികമായ പ്രതിഭാസം മാത്രമാണെന്നുമാണ് റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരും പറയുന്നത്. കൂടാതെ ജനങ്ങള്‍ പണം പൂഴ്ത്തിവയ്ക്കുന്നതാണ് കാരണമെന്നും പ്രചരണമുണ്ട്.