വാട്സ് ആപ്പ് ഹര്‍ത്താല്‍ ; ഗ്രൂപ്പ് അഡ്മിനുകള്‍ കുടുങ്ങും

കത്വയില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി വാട്സ് ആപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനു പിന്നാലെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ട് സന്ദേശങ്ങള്‍ പ്രചരിച്ച ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെ പോലീസ് ചോദ്യം ചെയ്തു. കാശ്മീരില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഹര്‍ത്താല്‍ സന്ദേശങ്ങള്‍ പ്രചരിച്ചത്. വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച യുവാക്കള്‍ സംഘടിതമായി പലയിടങ്ങളിലും രംഗത്ത് ഇറങ്ങിയതോടെ മലബാര്‍ മേഖലയില്‍ വ്യാപകമായ അക്രമസംഭവങ്ങളും നടന്നു.

ആസൂത്രിതമായ ആക്രമണമാണ് എന്ന സംശയം ഉയര്‍ന്നതോടെയാണ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ഹര്‍ത്താല്‍ അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ട വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ ചോദ്യം ചെയ്യുന്നത്. കൂടാതെ സംഭവത്തിനു പിന്നില്‍ തീവ്രസ്വഭാവം ഉള്ള ചില സംഘടനകളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.