കൊച്ചിയില്‍ പോത്തിസിന്റെ പണി നടക്കുന്ന കെട്ടിടം ഇടിഞ്ഞു താഴ്ന്നു ; മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു
എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത് പണിതുകൊണ്ടിരുന്ന പോത്തീസിന്റെ പുതിയ കെട്ടിടമാണ് ഇടിഞ്ഞുതാണത്. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഭൂമിയിലേയ്ക്ക് താഴ്ന്നത്. മൂന്നാമത്തെ നിലയുടെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല എന്നാണ് വിവരങ്ങള്‍.15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോടു ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ് ഇപ്പോള്‍.
തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം സംഭവം വിദഗ്ധ സമിതി അന്വേഷിക്കും. എത്രയും പെട്ടന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. കെട്ടിട നിര്‍മ്മാണത്തിന് നല്‍കിയിരുന്ന അനുമതിയും റദ്ദ് ചെയ്തു. വിദഗ്ദ സമിതിയെ ആണ് അന്വേഷണത്തിനായി നിയമിച്ചിരിക്കുന്നത്. കേരള മുനിസിപ്പിലാറ്റി കെട്ടിട നിയമം 11എ അനുസരിച്ച് ഒരു വിഗഗ്ദ സമിതി നിലവിലുള്ളതാണ്. ഈ സമിതിയോടാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ കൊച്ചിന്‍ മേയര്‍ സൈമിനി ജയിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എത്രയും പെട്ടന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മേയര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.