ഗുരുവായൂരില്‍ എത്തുന്ന അഹിന്ദുക്കള്‍ക്ക് പ്രസാദമൂട്ട് വേണ്ട എന്ന് ക്ഷേത്ര തന്ത്രി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കുന്ന പ്രസാദമൂട്ട് അവിടെ എത്തുന്ന അഹിന്ദുക്കള്‍ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി മതേതര പ്രസാദമൂട്ടായി നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി നാരായണന്‍ നമ്പൂതിരിപ്പാട്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചാലും ക്ഷേത്രക്കുളത്തില്‍ അഹിന്ദുക്കള്‍ ഇറങ്ങിയാലും പുണ്യാഹം നടത്താറുണ്ട്. ഇപ്പോള്‍ പ്രസാദ ഊട്ട് നടക്കുന്ന ഹാള്‍ ക്ഷേത്രക്കുളത്തിന് തൊട്ടടുത്താണ്. ഭരണസമിതിയുടെ ഈ പുതിയ തീരുമാനപ്രകാരം അഹിന്ദുക്കള്‍ ക്ഷേത്രക്കുളത്തില്‍ ഇറങ്ങുവാന്‍ സാധ്യത വളരെ കൂടുതലാണ്. ശ്രീ ഗുരുവായൂരപ്പന്റെ ആറാട്ട് നടക്കുന്നതും ക്ഷേത്ര ശ്രീ കോവിലില്‍ പ്രവൃത്തിയെടുക്കുന്നവരും കുളിക്കുന്നതും ഇവിടെയാണ്. ഇതെല്ലാം ക്ഷേത്ര ചൈതന്യത്തെ ബാധിക്കുന്നതാണ്. അതിനാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാലാകാലങ്ങളായി പിന്തുടര്‍ന്ന് വരുന്ന ആചാരാനുഷ്ഠാനങ്ങളെയെല്ലാം മാറ്റി ക്ഷേത്ര ചൈതന്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം പെട്ടെന്ന് പിന്‍വലിക്കണമെന്നും നാരായണന്‍ നമ്പൂതിരി ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രം പ്രധാനതന്ത്രിയായ താന്‍ ഭരണസമിതി യോഗത്തില്‍ പങ്കെടുത്ത സമയത്തോ, തന്റെ സമ്മതത്തോടു കൂടിയോ അല്ല ഈ തീരുമാനമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അതുപോലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിരവധി കാലങ്ങളായി നടന്നുവരുന്ന പ്രസാദ ഊട്ടില്‍ ഇനിമുതല്‍ അഹിന്ദുക്കള്‍ക്കും പങ്കെടുക്കാമെന്നും, പ്രസാദ ഊട്ടില്‍ പങ്കെടുക്കുന്നവര്‍ യാതൊരു ക്ഷേത്ര മര്യാദകളും പാലിക്കേണ്ടതില്ലെന്നും അഥവാ പാലിക്കരുതെന്നും തുടങ്ങിയ വാര്‍ത്തകള്‍ ശ്രീ ഗുരുവായൂരപ്പന്റെ ഭക്തജനങ്ങളെ അത്യധികം ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും നിരവധി സംഘടനകളും വ്യക്തികളും തന്നെക്കണ്ട് ഈ വിഷയത്തില്‍ അവര്‍ക്കുള്ള മനോവ്യഥ അറിയിക്കുകയുണ്ടായി എന്ന് തന്ത്രി കത്തില്‍ പറയുന്നു.