കൂട്ടുകാരന്റെ ഭാര്യയെ വധിക്കാന്‍ കൊട്ടേഷന്‍ നല്‍കിയ ടീന അറസ്റ്റില്‍

പി.പി. ചെറിയാന്‍

ഇല്ലിനോയ്സ്: സ്നേഹിച്ച യുവാവിനെ സ്വന്തമാക്കുന്നതിന് ഇയാളുടെ ഭാര്യയെ വധിക്കാന്‍ ഡാര്‍ക്ക് വെബ് കമ്പനിക്ക് 10,000 ഡോളറിന്റെ കൊട്ടേഷന്‍ നല്‍കിയ ഇല്ലിനോയ് ഡെസ്പ്ലെയ്ന്‍സില്‍ നിന്നുള്ള ടീനാ ജോണ്‍സിനെ (31) പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടേഷന്‍ നല്‍കുന്ന വ്യക്തികളുടെ വിവരങ്ങള്‍ വളരെ രഹസ്യമായി സൂക്ഷിക്കുന്ന കമ്പനിയാണ് ഡാര്‍ക്ക് വെബ്.

ഇല്ലിനോയ്സ് ഡ്യുപേജ് കൗണ്ടി പൊലീസിന് കഴിഞ്ഞ വ്യാഴാഴ്ച ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷണം നടക്കുന്നതിനിടയിലാണ് ഏപ്രില്‍ 17ന് ചൊവ്വാഴ്ച ടീന നേരിട്ടു പൊലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയത്. ഡ്യുപേജ് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണി ഓഫീസാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

മെയ്വുഡ് ലൊയോള യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ റജിസ്ട്രേര്‍ഡ് നഴ്സാണ് ടീനാ. ഇതേ ആശുപത്രിയിലെ അനസ്തേഷ്യോളജിയില്‍ റസിഡന്‍സി പൂര്‍ത്തിയാക്കിയ ഡോക്ടറാണ് ഇരയുടെ ഭര്‍ത്താവ്. കോടതിയില്‍ ഹാജരായ ടീനക്ക് ജഡ്ജി ജോര്‍ജ് ബേക്കലിസ് 25,0000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. ജാമ്യ സംഖ്യയുടെ പത്തുശതമാനം അടച്ച് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25 ന് കേസ് വാദം കേള്‍ക്കും.