വാട്സ്ആപ്പ് ഹര്‍ത്താല്‍ ; പിടിയിലായവര്‍ സംഘപരിവാര്‍ അനുകൂലികള്‍ എന്ന് പോലീസ്

കത്വ സംഭവത്തിന്‍റെ പേരില്‍ കേരളത്തില്‍ അരങ്ങേറിയ വാട്സ് ആപ്പ് ഹര്‍ത്താലില്‍ പരക്കെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. വാട്സ് ആപ്പിലും ഫെസ്ബുക്കിലും പ്രചരിച്ച ചില വ്യാജസന്ദേശങ്ങളുടെ മറവിലാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ അരങ്ങേറിയത്. മലബാര്‍ മേഖലകളില്‍ കലാപ സമാനമായിരുന്നു ഹര്‍ത്താല്‍. ഹര്‍ത്താലിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ ആയിരുന്നു എന്നാണു പോലീസ് ആദ്യം സംശയിച്ചത്. മുസ്ലീം മതവിഭാഗത്തില്‍ പെട്ടവരാണ് കൂടുതലും അറസ്റ്റില്‍ ആയതും. അതുകൊണ്ട് തന്നെ ചില സാമുദായിക സംഘടനകളുടെ മേല്‍ ആയിരുന്നു സംശയത്തിന്റെ മുന നീണ്ടത്. എന്നാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ പോലീസിന്റെ കസ്റ്റഡിയിലായപ്പോള്‍ ആണ് കേസില്‍ പ്രതീക്ഷിക്കാത്ത വഴിതിരിവ് ഉണ്ടായിരിക്കുന്നത്. കൊല്ലം സ്വദേശിയാണ് സംഭവത്തിനു പിന്നിലെ മുഖ്യസൂത്രധാരന്‍.

കിളിമാനൂര്‍ സ്വദേശികളാണ് ബാക്കി നാലു പേരും. ഇതില്‍ രണ്ടു പേര്‍ സംഘപരിവാര്‍ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന് സൂചനയുണ്ട്. ഒരാള്‍ നേരത്തെ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നും വിവരങ്ങള്‍ ഉണ്ട്. ഇവര്‍ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച വോയിസ് ഓഫ് ട്രൂത്ത് എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പ്രദേശിക തലത്തില്‍ നൂറു കണക്കിന് സബ് ഗ്രൂപ്പുകളാണ് ഇവരുടെ നേതൃത്തില്‍ ജില്ലകളില്‍ ഉണ്ടാക്കിയിട്ടുള്ളത്. മഞ്ചേരി പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ ഇപ്പോള്‍ ഉള്ളത്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുക എന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടായിരുന്നോ എന്നുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.