22-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം ; യെച്ചൂരി തുടരും
22-ാം സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് സമാപനം. ജനറല്‍ സെക്രട്ടറിയേയും കേന്ദ്ര കമ്മിറ്റിയെയും ഇന്ന് തെരഞ്ഞെടുക്കും. രാഷ്ട്രീയ പ്രമേയം അംഗീകരിക്കപ്പെട്ടതോടെ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരനാണ് സാധ്യത. കേന്ദ്ര കമ്മിറ്റിക്ക് മുന്‍പായി പൊളിറ്റ് ബ്യുറോ യോഗം ചേരും. പോളിറ്റ് ബ്യുറോയില്‍ നിന്ന് എസ് രാമചന്ദ്രന്‍പിള്ളയും എകെ പത്മനാഭനും കേന്ദ്രക്കമ്മിറ്റിയില്‍ നിന്ന് പികെ ഗുരുദാസനും ഒഴിവാകും. ഇന്നലെ രാത്രി ചേര്‍ന്ന പിബി യോഗത്തിലും പുതിയ കമ്മിറ്റിയെ സംബന്ധിച്ച തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ വീണ്ടും പോളിറ്റ് ബ്യുറോയും കേന്ദ്രക്കമ്മിറ്റിയും ചേരുന്നത്. പാര്‍ട്ടിയില്‍ പിടിമുറുക്കിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിര്‍ണായക ഇടപെടല്‍ നടത്താനാകും. ഉച്ചകഴിഞ്ഞ് മൂന്നുലക്ഷം പേര്‍ അണിനിരക്കുന്ന റാലിയോടെ സരൂര്‍ നഗര്‍ സ്റ്റേഡിയത്തിലാണ് പൊതുസമ്മേളന നടപടികള്‍ നടക്കുക.
പല സംസ്ഥാനങ്ങളിലും സെക്രട്ടറിമാര്‍ മാറിയിട്ടുണ്ട്. നേരത്തെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര കമ്മറ്റിയില്‍ എത്തിയവരെ മാറ്റി പുതിയവരെ നിയമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതിലൂടെ യെച്ചൂരിക്ക് കൂടുതല്‍ പിന്തുണ ഉറപ്പാക്കാനാകുമെന്നും കണക്കാക്കുന്നു. പത്തോളം സംസ്ഥാനങ്ങളില്‍ പുതിയ സെക്രട്ടറിമാര്‍ സെക്രട്ടറിമാര്‍ വന്നിട്ടുണ്ട്. അതേ സമയം നിലവിലെ കമ്മറ്റികളില്‍ മാറ്റം വരേണ്ടന്ന നിലപാടിലാണ് കേരളഘടകവും മറ്റും. എസ്.രാമചന്ദ്രന്‍ പിള്ളയെ പോലും മാറ്റി നിര്‍ത്തേണ്ടതില്ല എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച് യെച്ചൂരി – കാരാട്ട് പക്ഷങ്ങള്‍ തമ്മിലുള്ള തര്‍ക്കം പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂക്ഷമായിരുന്നു. എന്നാല്‍ ഇതിനിടെയാണ് സ്റ്റിയറിംഗ് കമ്മിറ്റി(പിബി)യില്‍ നിര്‍ണായകമായ സമവായമുണ്ടായത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ധാരണയോ സഖ്യമോ കൂടാതെ മറ്റ് കക്ഷികളുമായി ധാരണയെന്ന ഭാഗം കരട് പ്രമേയത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.