ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍ നല്‍കിയത് നരകം
അസുഖം മാറുമെന്ന പ്രതീക്ഷയില്‍ ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍ നല്‍കിയത് നരകം. മാസങ്ങള്‍ക്ക് മുന്‍പ് കാണാതായി കഴിഞ്ഞ ദിവസം മൃതദേഹം ലഭിച്ച വിദേശ വനിത ലിഗയ്ക്കാണ് നീതി കിട്ടാതെ പോയത്. പോലീസിന്റെ കടുത്ത അനാസ്ഥയാണ് അവരുടെ ജീവന്‍ പോകുന്നതില്‍ വരെ കൊണ്ടെത്തിച്ചത് എന്ന് വ്യക്തം. ഒരു വിദേശിയെ കാണ്മാനില്ല എന്ന സംഭവം ഗൌരവമായി എടുക്കാത്ത അധികാരികള്‍ തന്നെയാണ് നാടിനെ നാണം കെടുത്തിയത്. അതുപോലെ ലിഗയെ അന്വേഷിച്ചു നടന്ന ഭര്‍ത്താവിനെയും സഹോദരിയെയും മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള സമീപനമാണ് പോലീസ് നടത്തിയത്. ലിഗയ്ക്കായി അന്വേഷണം നടത്തുന്നതില്‍ കേരളാ പോലീസ് തികഞ്ഞ അനാസ്ഥയാണ് കാട്ടിയതെന്ന് ഭര്‍ത്താവ് ആന്‍ഡ്രൂസ് പറയുന്നു. തന്നെ പോലീസുകാര്‍ മാനസിക രോഗിയാക്കി. ഭാര്യയെ അന്വേഷിച്ചു ചെന്ന ഹോട്ടലിലെ ജീവനക്കാര്‍ തന്നെ ആക്രമിച്ചു. നിര്‍ബന്ധിതനായി അയര്‍ലന്‍ഡില്‍ തിരിച്ചെത്തിയ ആന്‍ഡ്രൂസ് ഒരു റേഡിയോ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തില്‍ നിന്നും ലഭിച്ച അവഗണനയുടെ ഓര്‍മ്മകള്‍ വെളിപ്പെടുത്തിയത്.
നാളുകള്‍ നീണ്ട അലച്ചിലിനിനൊടുവില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇന്നലെ പോലീസിനൊടുള്ള അമര്‍ഷം അണപൊട്ടി ഒഴുകി. സംഭവ സ്ഥലത്ത് പോലീസിനോട് കയര്‍ത്ത അദ്ദേഹത്തെ സ്ഥലത്തു നിന്നു മാറ്റുകയും ചെയ്തു. പരാതിയുമായി പോലീസ് ഉദ്യോഗസ്ഥരെ സമീപിപ്പിച്ചപ്പോഴൊക്കെ ലിഗ മറ്റെവിടേയ്ക്കെങ്കിലും അവധിയാഘോഷിക്കാന്‍ പോയതാവാമെന്ന മനോഭാവമായിരുന്നു അവര്‍ക്ക്. രണ്ടാഴ്ച്ച വേണ്ടിവന്നു കാര്യങ്ങളുടെ ഗൗരവം അവര്‍ക്ക് മനസ്സിലാക്കിയെടുക്കാനെന്നു അദ്ധേഹം പറയുന്നു. ലിഗയെ കാണാതായ താമസസ്ഥലത്തിന് വളരെയടുത്താണ് പോലീസ് സ്റ്റേഷന്‍. എന്നിട്ടും കാണാതായ വിവരം തങ്ങള്‍ക്കറിയില്ലെന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. ഒരു ഹോട്ടലില്‍ വച്ചുണ്ടായ അനിഷ്ടസംഭവമാണ് തന്റെ തിരികെപ്പോക്കിന് കാരണമായതെന്നാണ് ആന്‍ഡ്രൂ പറയുന്നത്. ലിഗ ആ ഹോട്ടലില്‍ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ആന്‍ഡ്രൂവും ഇല്‍സയും അവിടെച്ചെന്നത്. എന്നാല്‍, രൂക്ഷമായ ഭാഷയിലാണ് ഹോട്ടല്‍ മാനേജര്‍ പ്രതികരിച്ചത്. കള്ളമാണ് പറയുന്നതെന്ന് അയാളുടെ മുഖത്ത് നിന്നറിയാമായിരുന്നു. ഇതേത്തുടര്‍ന്ന് അയാളുമായി വാക്കേറ്റമുണ്ടായി. താന്‍ അയാളുടെ ഷര്‍ട്ടില്‍ കടന്നുപിടിച്ചു. ജീവനക്കാരെല്ലാം തന്റെ മേല്‍ ചാടിവീണു. അവര്‍ പോലീസിലറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ താന്‍ അവിടെച്ചെന്ന് പ്രശ്നങ്ങളുണ്ടാക്കിയെന്നും ജനാലച്ചില്ലുകള്‍ ഉടച്ചെന്നുമൊക്കെ അവര്‍ പറഞ്ഞു. അങ്ങനെ പോലീസ് തന്നെ ആശുപത്രിയിലാക്കിയെന്നാണ് ആന്‍ഡ്രൂവിന്റെ ആരോപണം.
മാനസികാസ്വാസ്ഥ്യമുണ്ടെന്നാരോപിച്ച് തന്നെ നിര്‍ബന്ധിത വൈദ്യചികിത്സയ്ക്ക് പോലീസുകാര്‍ വിധേയരാക്കി. ആശുപത്രിയില്‍ തന്നെ ആറുദിവസം അഡ്മിറ്റ് ചെയ്തു. തന്റെ അറിവോ സമ്മതമോ കൂടാതെ പല ടെസ്റ്റുകള്‍ക്കും വിധേയനാക്കി. ഫോണ്‍ പോലീസുകാര്‍ പിടിച്ചുവാങ്ങിയതായും എംബസിയിലേക്ക് വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ആന്‍ഡ്രൂ പറഞ്ഞു. ഇംഗ്ലീഷ് പറയാനറിയാത്ത പോലീസുകാരാല്‍ ചുറ്റപ്പെട്ട് വല്ലാത്തൊരവസ്ഥയിലായിരുന്നു താന്‍. തുടര്‍ന്നാണ് അയര്‍ലന്‍ഡിലേക്ക് പോയത്. വിഷാദരോഗത്തിന് ആയുര്‍വേദ ചികിത്സ തേടിയാണ് ലിഗ സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി 3ന് കേരളത്തിലെത്തിയത്. ആറാഴ്ച്ചയായിരുന്നു ചികിത്സാകാലാവധി. എന്നാല്‍,ചികിത്സ പൂര്‍ത്തിയാവും മുമ്പ് മാര്‍ച്ച് 14ന് ലിഗയെ കാണാതായി. താമസസ്ഥലത്തിന് 16 കിലോമീറ്റര്‍ അകലെ കോവളം കടപ്പുറത്താണ് ലിഗയെ അവസാനമായി കണ്ടത്. ഭാര്യയെ കാണാതായി 4 ദിവസങ്ങള്‍ക്ക് ശേഷമാണ് ആന്‍ഡ്രൂ തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന്‍ കേരളം മുഴുവന്‍ ഭാര്യയുടെ ചിത്രവുമായി ഇദ്ദേഹം അലയുകയായിരുന്നു. അതേസമയം മാധ്യമങ്ങള്‍ പോലീസിനെ ഭയന്ന് വേണ്ടവിധം വാര്‍ത്തകള്‍ നല്കിയില്ലെന്നാണ് ആന്‍ഡ്രുവിന്റെ ആക്ഷേപം. ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് അവരങ്ങനെ ചെയ്തതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു.