വിദേശവനിതയുടെ മരണത്തില്‍ അസ്വഭാവികതയില്ല ; ആത്മഹത്യ എന്ന് സംശയം

തിരുവനന്തപുരത്ത് വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ്. ലിഗയുടെ ശരീരത്തിലോ ആന്തരികാവയവങ്ങളിലോ യാതൊരു പരിക്കുകളോ പോറലുകളോ ഉണ്ടായിട്ടില്ല. എല്ലുകളും മറ്റും യഥാസ്ഥാനത്താണ്. ഇന്നലെയും ഇന്നുമായി മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. വിദേശികളുടെ കൈയില്‍ സാധാരണ ഉണ്ടായിരിക്കേണ്ട പാസ്‌പോര്‍ട്ടോ അതിന്റെ കോപ്പിയോ ലിഗയുടെ കൈവശം ഉണ്ടായിരുന്നില്ല. ഒരു ലെറ്ററും സിഗററ്റും മാത്രമാണ് ലഭിച്ചതെന്നും പോലീസ് വ്യക്തമാക്കി. മരണകാരണം രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു. ആന്തരിക അവയവ ഭാഗങ്ങള്‍ പരിശോധനക്കായി കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കി.

മരണകാരണം വിഷം ഉള്ളില്‍ ചെന്നതാകാമെന്ന സംശയത്തിലാണ് പൊലീസ്. മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചതാകാം തല അറ്റ നിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലാണ് കണ്ടത്തിയത്. ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.കൂടാതെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപ നല്‍കും. അടുത്ത ദിവസം തന്നെ ലീഗയുടെ സഹോദരി ഇല്‍സിക്ക് തുക കൈമാറുമെന്നും മന്ത്രി പറഞ്ഞു.