കുട്ടികളെ പീഡിപ്പിച്ചാല്‍ ഇനി വധശിക്ഷ ; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു

12 വയസ്സില്‍ത്താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ രാജ്യത്ത് വധശിക്ഷ. ശിക്ഷ ഉറപ്പാക്കുന്നതിന് ഉള്ള വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവച്ചു. ഇതോടെ ഓര്‍ഡിനന്‍സ് നിയമമായി. പ്രതികള്‍ക്ക് വധശിക്ഷ വിധിക്കാനുള്ള അധികാരം കോടതികള്‍ക്ക് ലഭിച്ചു. 16ല്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രി സഭ കഴിഞ്ഞദിവസമാണ് അംഗീകാരം നല്‍കിയത്. 12 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതിന് പുറമേ 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്താല്‍ ലഭിക്കുന്ന കുറഞ്ഞശിക്ഷ 10 വര്‍ഷം തടവില്‍നിന്ന് 20 വര്‍ഷമാക്കിയിരുന്നു. ഇത് ജീവപര്യന്തമായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

ബലാത്സംഗ കേസുകളുടെ വിചാരണാ നടപടികള്‍ വേഗത്തിലാക്കാനുള്ള വ്യവസ്ഥയും ഓര്‍ഡിനന്‍സിലുണ്ട്.ബലാത്സംഗക്കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള പരമാവധി കാലാവധി രണ്ട് മാസമായിരിക്കും. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും വ്യവസ്ഥയുണ്ട്. കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണം എന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നിരുന്നു. അതുമാത്രമല്ല രാജ്യത്ത് കൊച്ചു കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സംഭവം ഇപ്പോള്‍ ദിനംപ്രതി ആവര്‍ത്തിക്കുകയാണ്.