കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ ; ശക്തമായ കടലാക്രമണം ; ജാഗ്രതാ നിര്‍ദേശം
കേരള തീരത്ത് കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രാത്രി പതിനൊന്നരവരെ തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, തുടങ്ങിയ ജില്ലകളിലാണ് ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ കടലാക്രണമുണ്ടായത്. മിക്കയിടത്തും വലിയ തിരമാലകള്‍ കരയിലേക്ക് അടിച്ചുകയറി. എറണാകുളത്ത് പുതുവൈപ്പിന് അടക്കമുള്ള തീരദേശങ്ങളില്‍ വേലിയറ്റവും ഉണ്ടായി. ആലപ്പുഴ ചേന്നവേലി, കാട്ടൂര്‍, ആറാട്ടുപുഴ പ്രദേശങ്ങളില്‍ കടലാക്രമണത്തെ തുടര്‍ന്ന് തീരപ്രദേശത്തെ വീടുകളില്‍ വെള്ളംകയറി. തീരദേശത്തോട് ചേര്‍ന്നുള്ള മിക്ക റോഡുകളും വെള്ളത്തിനടിയിലാണ്. മലപ്പുറത്ത് പൊന്നാനി അഴിമുഖത്തും ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെട്ടത്. അഴിമുഖത്തെ ജങ്കാര്‍ റോഡിലേക്കും മീന്‍ ചാപ്പകളിലേക്കും വെള്ളം ഇരച്ചുകയറി.
കണ്ണൂരില്‍ തലശേരി, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. അതേസമയം, വരും മണിക്കൂറുകളില്‍ കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞടിക്കുവാനും സാധ്യതയുണ്ട് . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്പിടിക്കുന്നവര് കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ നിശ്ചിത അകലം പാലിക്കേണ്ടതാണ് തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചേക്കാമെന്നും, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.