അമ്മയ്ക്ക് പൊന്നുമോളുടെ ജന്മദിന സമ്മാനം
ജോസിലിന്‍ തോമസ്, ഖത്തര്‍
ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേയ്ക്ക് ഒഴുകിയെത്തുന്ന ഓര്‍മ്മകള്‍ക്കെല്ലാം സ്‌നേഹത്തിന്റെ നിറമാണ്. നാമെല്ലാം ഭൂമിയില്‍ പിറന്ന് വീഴുന്നതിന് മുന്‍പ് സ്വന്തം ശരീരത്തിന്റെ ഭാഗമായി മാസങ്ങളോളം നമ്മെ കൊണ്ടു നടന്ന് എല്ലുകള്‍ പൊട്ടിനുറുങ്ങുന്ന തീവ്ര വേദന അനുഭവിച്ച് സ്വന്തം കുഞ്ഞിന് ജന്മം നല്‍കാനുള്ള കഴിവ് ഒരു അമ്മയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്.
ആ അവകാശത്തെ ഒരിക്കലും ഒരു അഹങ്കാരമായി കരുതാതെ അഭിമാനമായി കാണുന്നവരാണ് ഉത്തമരായ അമ്മമാര്‍. അങ്ങനെയുള്ള അമ്മമാരുടെ പട്ടികയില്‍ ഒന്നാം നിരയില്‍ തന്നെ സ്ഥാനം പിടിച്ച ഒരമ്മയുടെ മകളായി പിറക്കാന്‍ കഴിഞ്ഞതില്‍ ഞാനും അഭിമാനിക്കുന്നു. ഞാനെന്ന വ്യക്തിയെ കുടുംബത്തിനും സമൂഹത്തിനും സ്വീകാര്യയാക്കിത്തീര്‍ത്തതില്‍ അമ്മയ്ക്ക് മുഖ്യമായ പങ്കുണ്ട്.
എന്റെ അമ്മയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ ഗുണം നിസ്വാര്‍ത്ഥമായ സ്‌നേഹമാണ്. സ്‌നേഹമെന്ന വികാരത്തിന്റെ കുത്തൊഴുക്കില്‍ കുറ്റപ്പെടുത്തലുകളും, വിദ്വേഷങ്ങളും, തെറ്റിദ്ധ്വാരണകളുമെല്ലാം അലിഞ്ഞ് ഇല്ലാതായി തീരുന്നത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്. പല അവസരങ്ങളിലും യാതൊരു അടിസ്ഥാനവുമില്ലാതെ അമ്മയ്‌ക്കെതിരെ കുറ്റാരോപണം നടത്തുന്നവരോട് പോലും തെളിഞ്ഞ ചിരിയോടെ സംസാരിച്ച് അവരെയും മിത്രങ്ങളാക്കി മാറ്റുന്ന മാജിക് അമ്മയ്ക്ക് മാത്രം സ്വന്തമാണ്.
അമ്മയുമായി എന്നെ മാനസികമായി അടുപ്പിക്കുന്ന അനേകം ജീവിതാനുഭവങ്ങളില്‍ നിന്നൊരെണ്ണം ഇവിടെ കുറിക്കട്ടെ. തൊട്ടിലില്‍ കിടക്കുന്ന പ്രായത്തില്‍ പനി കടുത്ത് ഫിറ്റ്‌സ് വന്ന എന്നെയുമെടുത്ത് അമ്മ ഓടിയ മാരത്തോണ്‍ ഓട്ടം മറ്റുള്ളവര്‍ പറഞ്ഞാണറിഞ്ഞതെങ്കിലും എന്റെ മനസില്‍ മായാതെ ഉണ്ട്. അമ്മയുടെ യൌവനം വീട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കുമായി അമ്മ സന്തോഷപൂര്‍വ്വം ഓടി തീര്‍ത്തു. വീട്ടിലെ തിരക്കിട്ട ജോലികള്‍ക്കിടയിലും ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ അത്ര അടുത്തല്ലാത്ത ഞാന്‍ പഠിച്ച സ്‌ക്കൂളിലേയ്ക്ക് എനിക്കുള്ള ഉച്ചഭക്ഷണമായി വെയിലത്ത് നടന്നുവരുന്ന അമ്മയുടെ മുഖം എന്റെ മനസില്‍ എന്നും കത്തി നില്‍ക്കുന്ന വിളക്ക് ആണ്. സ്‌ക്കുളിലെ കൂട്ടുകാര്‍ക്കിടയില്‍ ആവിപറക്കുന്ന കുത്തരിച്ചോറും, മീന്‍ വറുത്തതും, ചക്കക്കുരു മാങ്ങാച്ചാറും, ബീന്‍സ് തോരനുമെല്ലാം കൂട്ടി ഗമയില്‍ ഇരുന്ന് ഉള്ള ചോറൂണ് ഇന്നും എന്നെ കൊതിപ്പിക്കാറുണ്ട്. മക്കളായ ഞങ്ങളോടുള്ള കരുതലും വാത്സല്യവും സ്‌നേഹവുമെല്ലാം മറ്റുള്ളവരോടും അമ്മയ്ക്ക് ഉണ്ടെന്നുള്ളത് അമ്മയുടെ വ്യക്തിത്വത്തിലെ വൈരക്കല്ലാണ്.
അപ്രതീക്ഷിതമായി വരാറുള്ള അഗതികള്‍ അമ്മയെ പലപ്പോഴും പട്ടിണിയില്‍ ആക്കാറുള്ളത് വീട്ടിലുള്ളവര്‍ പോലും അറിയാന്‍ അമ്മ ആഗ്രഹിക്കുന്നില്ല. അയയില്‍ ഉണങ്ങാനിട്ട സാരിയും, കാതില്‍ കിടക്കുന്ന അമ്മയുടെ കമ്മലും ആവശ്യക്കാര്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ നല്‍കുവാന്‍ ഒരു മടിയും അമ്മ കാട്ടാറില്ല. വീട്ടിനുള്ളില്‍ കഴിയുമ്പോഴും വിവിധ പ്രായത്തിലുള്ളവരുടെ ഒരു വലിയ സുഹൃത്ത് വലയം അമ്മയ്ക്കുണ്ട്. അവരില്‍ പലരുടെയും അമ്മയായും, ഉപദേശകയായും, ഉറ്റചങ്ങാതിയായും അമ്മ വേഷങ്ങള്‍ മാറി മാറി അണിയാറുണ്ട്. വീട്ടുകാര്യങ്ങള്‍ക്ക് ഒപ്പം തന്നെ സമൂഹ നന്മയ്ക്ക് ഉതകുന്ന അനേകം കാര്യങ്ങള്‍ ചെയ്യുവാന്‍ ഒരു സ്ത്രീക്ക് കഴിയുമെന്ന് തെളിയിച്ച അമ്മയാണ് എക്കാലവും എന്റെ ആത്മസുഹൃത്തും വഴികാട്ടിയും.
ഈ ലോകത്ത് ഞാന്‍ നേരിടാന്‍ ഇടയുള്ള ഏത് പ്രതിസന്ധികളുടെ കൊടും ചൂടിലും, വ്യവസ്ഥകളില്ലാത്ത സ്‌നേഹക്കുട ചൂടിക്കാന്‍ അമ്മ കൂടെ ഉണ്ടാകുമെന്നുള്ള തിരിച്ചറിവ് മുന്നോട്ടുള്ള എന്റെ ജീവിതയാത്ര പ്രകാശപൂര്‍ണ്ണമാക്കുന്നു.