നഴ്‌സുമാര്‍ക്ക് കുറഞ്ഞ ശമ്പളം 20,000 രൂപ ; സര്‍ക്കാരിന്റെ അന്തിമവിജ്ഞാപനം ഉടന്‍
കൊച്ചി : സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ അന്തിമവിജ്ഞാപനമിറക്കും. നാളെ മുതല്‍ അനിശ്ചിതകാല സമരത്തിന് നഴ്സുമാര്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. വിജ്ഞാപനത്തില്‍ നിയമസെക്രട്ടറി ഒപ്പുവെച്ചു. മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. എന്നാല്‍ കരട് വിജ്ഞാപനത്തില്‍ നിന്നും വ്യത്യസ്തമായി വ്യത്യസ്തമായി അലവന്‍സുകള്‍ വെട്ടിക്കുറച്ച് കൊണ്ടുള്ളതാണ് അന്തിമവിജ്ഞാപനമെന്നാണ് അറിയുന്നത്.
അമ്പത് കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.