ഓണ്‍ലൈന്‍ ഷോപ്പിംഗ് ; ലഭിക്കുന്നതില്‍ പകുതിയും വ്യാജ ഉത്പന്നങ്ങള്‍ എന്ന് റിപ്പോര്‍ട്ട്
രാജ്യത്ത് ഏറെ ആവശ്യക്കാരുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ നിങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ ഒര്‍ജിനല്‍ ആകാന്‍ ഒരു വഴിയുമില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെ പറ്റി ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 38 ശതമാനംപേരും ഇക്കാര്യം സ്ഥിരീകരിച്ചു. 6,923 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. സ്‌നാപ്ഡീലില്‍നിന്ന് ഉത്പന്നങ്ങള്‍ വാങ്ങിയ 12 ശതമാനം പേരാണ് തങ്ങള്‍ക്ക് പലപ്പോഴും വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കാറുണ്ടെന്ന് സര്‍വെയില്‍ വെളിപ്പെടുത്തി. ആമസോണിന്റെ ഉപഭോക്താക്കളായ 11 ശതമാനംപേരും ഫ്‌ളിപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളായ ആറുശതമാനംപേരും ഇക്കാര്യം വെളിപ്പെടുത്തി.
സുഗന്ധദ്രവ്യങ്ങള്‍, ഷൂ, സ്‌പോര്‍ട്‌സ് ഉത്പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയിലാണ് വ്യാജന്മാര്‍ ഏറെയും. യുഎസ് ലൈഫ്‌സ്റ്റൈല്‍ ഉത്പന്ന നിര്‍മാതാക്കളായ സ്‌കെച്ചേഴ്‌സ് അടുത്തയിടെയാണ് തങ്ങളുടെ വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കോടതിയെ സമീപിച്ചത്. ഫ്‌ളിപ്കാര്‍ട്ടിനെതിരെയായിരുന്നു ഇവരുടെ ആക്ഷേപം. ഷോപ്ക്ലൂസിനെതിരെ കോസ്‌മെറ്റിക് കമ്പനിയായ ലാ ഓറെയിലും ഡല്‍ഹിയില്‍ കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈന്‍ പര്‍ച്ചേസ് നടത്തുന്ന മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് ഉത്പന്നങ്ങളാണെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ വെലോസിറ്റി എംആര്‍ നടത്തിയ സര്‍വെയില്‍ പറയുന്നു. 3000പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഇവര്‍ സര്‍വെ നടത്തിയത്.