എ ടി എമ്മില്‍ നിന്നും കിട്ടിയത് ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ കളിപ്പാട്ടം നോട്ടുകള്‍

എ ടി എമ്മില്‍ നിന്നും കാശ് എടുക്കുവാന്‍ ചെന്ന വ്യക്തിക്ക് ലഭിച്ചത് അഞ്ഞൂറ് രൂപയുടെ കളിപ്പാട്ടം നോട്ടുകള്‍. അശോക് പാഠക് എന്നയാള്‍ക്കാണ് ആര്‍ ബി ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ)യുടെ നോട്ടുകള്‍ക്കു പകരം സി ബി ഐ (ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ)യുടെ നോട്ട് ലഭിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഭാഷ് നഗറിലുള്ള എ ടി എമ്മില്‍നിന്ന് 4500 രൂപ അശോക് പിന്‍വലിച്ചത്. ഇതിലായിരുന്നു ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ട് ഉണ്ടായിരുന്നത്. കാഴ്ചയില്‍ ശരിക്കുള്ള 500 രൂപയുമായി സാമ്യമുള്ളതാണ് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകള്‍. ശരിക്കുള്ള നോട്ടിനു മുകളില്‍ വലതുവശത്തായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്നാണ് കാണാവുന്നത്.

ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ടില്‍ ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നാണു കാണുവാന്‍ കഴിയുക. തനിക്കു മാത്രമല്ല ചില്‍ഡ്രന്‍ ബാങ്കിന്റെ നോട്ട് ലഭിച്ചതെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് അശോക് പറഞ്ഞു. തനിക്ക് ശേഷം ആ എ ടി എമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്കും ഇത്തരത്തിലുള്ള നോട്ടുകളാണ് ലഭിച്ചത് എന്ന് അശോക്‌ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരും ബാങ്ക് മാനേജര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എ ടി എമ്മില്‍നിന്ന് പണം പിന്‍വലിച്ചതിന്റെ രേഖയുടെ പകര്‍പ്പും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. അതേസമയം എ ടി എമ്മില്‍ പണം നിക്ഷേപിക്കുന്നത് പുറത്തുനിന്നുള്ള ഏജന്‍സികളാണെന്നും ബാങ്ക് അല്ലെന്നും ബാങ്ക് മാനേജര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.