ലൈംഗിക പീഡനം ; ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരന്‍ എന്ന് കോടതി

ലൈംഗിക പീഡനക്കേസില്‍ ആള്‍ദൈവം അസാറാം ബാപ്പു(77) കുറ്റക്കാരനെന്ന് കോടതി. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച് പീഡിപ്പിച്ചെന്ന കേസിലാണ് വിധി. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ജീവ പര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്.

ആസാറാമിനു പുറമേ നാലു സഹായികളും കേസില്‍ പ്രതികളാണ്. ആശ്രമത്തിലെ വാര്‍ഡനായ സംഗീത ഗുപ്ത, പാചകക്കാരന്‍ പ്രകാശ്, ശിവ, ശരത്ച്ചന്ദ്ര എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമാണ് ആസാറാം ബാപ്പു. അതേസമയം അസാറാമിന്റെ അനുയായികള്‍ അക്രമം അഴിച്ചുവിടാനുള്ള സാധ്യത കണക്കിലെടുത്ത് നാല് സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയിലെ ആശ്രമവു പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ഡല്‍ഹിയിലും ജാഗ്രതാ നിര്‍ദേശമുണ്ട്. എട്ടോളം അനുയായികളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.