ദളിത് ക്രൈസ്തവരോട് അവഗണന ; ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വൈദികപട്ടം നല്‍കുന്നില്ല
കോട്ടയം : വിജയപുരം ലത്തീന്‍ കത്തോലിക്ക രൂപത നേത്യത്വത്തിനെതിരെയാണ് പ്രതിക്ഷേധം ശക്തമാകുന്നത്. ദലിത് ക്രിസ്ത്യാനികളോട് അവഗണന കാട്ടുന്നു എന്ന പേരിലാണ് ഇവിടെ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. പൗരോഹിത്യത്തില്‍ നിന്നും രൂപത സ്ഥാപനങ്ങളിലെ ജോലികളില്‍ നിന്നും ദലിത് വിഭാഗത്തെ മാറ്റി നിറുത്തുകയാണെന്നാണ് പ്രധാന ആരോപണം. അവഗണനയില്‍ പ്രതിഷേധിച്ച് രൂപതാ ആസ്ഥാനത്തേക്ക് വിശ്വാസികള്‍ മാര്‍ച്ച് നടത്തി. ഭൂരിപക്ഷം വരുന്ന ദലിത് ക്രിസ്ത്യനികളെ സഭാ സ്ഥാപനങ്ങളില്‍ നിന്നും മേലധ്യക്ഷന്‍മാരുടെ നേത്യത്വത്തില്‍ മാറ്റി നിറുത്തുകയാണെന്ന് വിശ്വാസികള്‍ ആരോപിക്കുന്നു. മുന്‍കാലങ്ങളില്‍ രൂപതക്കു വേണ്ടി ദലിത് വിഭാഗത്തില്‍ നിന്നും നിരവധിപേര്‍ പൗരോഹിത്യ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരുന്നു.
എന്നാല്‍ കുറച്ചു നാളുകളായി ദളിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് വൈദികപട്ടം നല്‍കുന്നില്ലന്നാണ് ആക്ഷേപം. ഏറ്റവും ഒടുവില്‍ ഡീക്കന്‍ പദവി വരെ എത്തിയ മൂന്ന് ദലിത് ക്രൈസ്തവര്‍ക്ക് വൈദിക പട്ടം നിഷേധിച്ചതായും ദലിത് വിഭാഗത്തില്‍പ്പെട്ട വിശ്വാസികള്‍ ആരോപിക്കുന്നു. അതുപോലെ രൂപതയ്ക്ക് കീഴില്‍ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 604 പോസ്റ്റുകള്‍ ഉണ്ടെങ്കിലും 85 ശതമാനം വരുന്ന ദലിത് വിഭാഗത്തിന് വെറും 15 ശതമാനം മാത്രമാണ് അവസരം നല്കുന്നത്. ജാതീയമായ വേര്‍തിരിവ് അവസാനിപ്പിച്ചില്ലെങ്കില്‍ സഭയ്ക്കുള്ളില്‍ നിന്നു കൊണ്ട് തന്നെ ശക്തമായ സമരപരിപാടികള്‍ നടത്താനാണ് ഇവരുടെ തീരുമാനം.