ലിഗയുടെ മരണം കൊലപാതകമാകാം എന്ന സംശയത്തില്‍ പോലീസ്
കോവളം തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശവനിത ലിഗയുടേ മരണം കൊലപാതകം ആകാനുള്ള സാധ്യത തളളികളയാതെ പൊലീസ്. ഫോറന്‍സിക് ഡോക്ടര്‍മാരുടെ നിഗമനവും കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലിഗയുടേത് ശ്വാസം മുട്ടിയുള്ള മരണം ആകാമെന്നാണ് ഫോറന്‍സിക് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ രാസപരിശോധനാ ഫലം കിട്ടിയ ശേഷം മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. നേരത്തെ മരണം ആത്മഹത്യ എന്ന നിലയിലായിരുന്നു പോലീസ് നിലപാട്. അതുപോലെ ലിഗയെ കോവളത്ത് വിട്ട ഓട്ടോ ഡ്രൈവറുടെ മൊഴിയും മരണത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.
ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് അവര്‍ കോവളത്ത് ചെല്ലുമ്പോള്‍ ധരിച്ചിരുന്നില്ലെന്നാണ് ഡ്രൈവര്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ജാക്കറ്റ് ലിഗയുടേതല്ലെന്ന് സഹോദരി ഇല്‍സയും വ്യക്തമാക്കിയിട്ടുണ്ട്. ലിഗ എങ്ങനെ തിരുവല്ലത്തെ കണ്ടല്‍ക്കാടില്‍ എത്തി എന്നത് ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. മരണത്തില്‍ കുടുംബാംഗങ്ങള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെ അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. മൂന്ന് എസിപിമാരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണസംഘത്തിന്റെ അംഗബലം 25 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പോലീസ് അലംഭാവമാണ് സഹോദരി മരിക്കുവാന്‍ കാരണമായത് എന്നാണ് ലിഗയുടെ സഹോദരി ആരോപിക്കുന്നത്.