പിണറായിയിലെ കൊലപാതക പരമ്പര ; കാരണം അവിഹിത ബന്ധങ്ങള്‍ വീട്ടുകാര്‍ എതിര്‍ത്തത്
പിണറായിയിലെ കൊലപാതകപരമ്പരക്ക് പിന്നിലെ കാരണം മുഖ്യ പ്രതി സൗമ്യക്ക് പലരുമായി ഉണ്ടായിരുന്ന അവിഹിതബന്ധങ്ങള്‍. ഈ ബന്ധങ്ങളെ വീട്ടുകാര്‍ എതിര്‍ത്തതാണ് കൊലപാതക പരമ്പര നടത്താന്‍ ഇവര്‍ക്ക് പ്രേരണയായത്. ആഹാരത്തില്‍ വിഷം കലര്‍ത്തിയാണ് സൌമ്യ തന്റെ കുഞ്ഞിനേയും മാതാപിതാക്കളെയും കൊലപ്പെടുത്തിയത്.ഇതിനു സൌമ്യക്ക് വിഷം വാങ്ങി നല്‍കിയത് ഓട്ടോഡ്രൈവറെന്ന് പോലീസ് കണ്ടെത്തി. അച്ഛനേയും അമ്മയെയും തന്റെ മകളെയും കൊലപ്പെടുത്താനുള്ള എലിവിഷം സൗമ്യക്ക് എത്തിച്ചുനല്കിയത് ഓട്ടോഡ്രൈവറാണെന്ന് പോലീസ് പറയുന്നു. ഇയാള്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോ,കൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതൊക്കെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നതേയുള്ളു. ഓട്ടോ ഡ്രൈവറെയും സൗമ്യയുമായി മൂന്ന് യുവാക്കളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അവിഹിത ബന്ധങ്ങള്‍ക്ക് കുടുംബം തടസ്സമായതോടെയാണ് പ്രതി കൊലപാതകം പ്ലാന്‍ ചെയ്യുന്നതും. ഭര്‍ത്താവില്‍ നിന്ന് വര്‍ഷങ്ങളായി അകന്ന് കഴിയുകയാണ് സൗമ്യ.
ജനുവരി 18ന് 9 വയസ്സുകാരിയായ മകള്‍ ഐശ്വര്യക്ക് വിഷം ചോറില്‍ കലര്‍ത്തി കൊടുത്തു. മരണത്തില്‍ ഒരു സംശയവും ഇല്ലാതായതോടെ മാര്‍ച്ച് 5ന് അമ്മ കമലക്ക് എലിവിഷം മീന്‍ കറിയിലും കൊടുത്തു. കമലയുടെ മരണം ചില സംശയങ്ങള്‍ക്ക് വഴിവെച്ചെങ്കിലും എല്ലാം കെട്ടടങ്ങിയതോടെ ഈ മാസം 10ന് അച്ഛന്‍ കുഞ്ഞിക്കണ്ണന് വിഷം രസത്തിലും ഒഴിച്ചു കൊടുത്തു. ഇതോടെ ഉയര്‍ന്ന ദുരൂഹതയാണ് അന്വേഷണത്തില്‍ എത്തിച്ചത്. സംശയം തന്നിലേക്ക് ഉയര്‍ന്നപ്പോള്‍ എല്ലാവരേയും കബളിപ്പിക്കാന്‍ വയറുവേദനയും ഛര്‍ദിയുമാണെന്ന് പറഞ്ഞ് സൗമ്യ ആശുപത്രിയില്‍ കിടന്നു. എന്നാല്‍ എല്ലാം അഭിനയമാണെന്ന് ഡോക്ടര്‍ വഴി മനസ്സിലാക്കിയ പൊലീസ് പ്രതിയെ നാടകീയമായി കസ്റ്റഡിയിലെടുത്തു. തലശേരി ഗസ്റ്റൗസില്‍ 11 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തെങ്കിലും സൗമ്യ പിടിച്ചു നിന്നു. ഒടുവില്‍ കണ്ണൂരില്‍ നിന്ന് എത്തിയ ഡിവൈഎസ്പി പിപി സദാനന്ദന്റെ ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യ കഥകള്‍ ഓരോന്നായി പറഞ്ഞു. ഭര്‍ത്താവില്‍ നിന്ന് അകന്നതിന് ശേഷം പലരുമായും ബന്ധമുണ്ടായിരുന്നു. അത് കുടുംബം ചോദ്യം ചെയ്തോടെയാണ് കൊലപാതക പരമ്പര നടത്തിയത്. ഭര്‍ത്താവ് തന്നെ എലിവിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചതിന്റെ പ്രേരണയിലാണ് കൊലപാതകത്തിനായി എലിവിഷം തെരെഞ്ഞെടുത്തതെന്നും സൗമ്യ സമ്മതിച്ചു. അതേ സമയം കൊലപാതക പരമ്പരയില്‍ പ്രതിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. അതിനിടെ 2012 ലെ ഇളയ മകളുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നും സൗമ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇന്ന് ഉച്ചയോടെ തെളിവെടുപ്പിനായി സൗമ്യയെ വീട്ടിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷം സൗമ്യയെ കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.