ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നു

ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഭവന നിര്‍മാണ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് 1.34 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു. ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ചോര്‍ത്താന്‍ സാധിക്കില്ലെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ( യുഐഡിഎഐ) ആവര്‍ത്തിച്ച് പറയുമ്പോഴും രാജ്യത്ത് ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച തുടര്‍ക്കഥയാവുകായാണ്. ആധാര്‍നമ്പര്‍, ബാങ്ക് ശാഖ, ഐഎഫ്എസ് കോഡ്, അക്കൗണ്ട് നമ്പര്‍, പിതാവിന്റെ പേര്, വിലാസം, പഞ്ചായത്ത്, മൊബൈല്‍ നമ്പര്‍, റേഷന്‍കാര്‍ഡ് നമ്പര്‍, ജോലി, മതം, ജാതി, എന്നിവയുള്‍പ്പടെയുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ നിന്നും ചോര്‍ന്നത്.

ഹൈദരാബാദിലെ സൈബര്‍ സുരക്ഷാ ഗവേഷകനായ കൊഡാലി ശ്രീനിവാസ് ആണ് വിവരങ്ങള്‍ ചോര്‍ന്ന വിവരം പുറത്തുകൊണ്ടുവന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് പ്രൊഫൈലുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും. ഈ വിവരങ്ങളെല്ലാം പൊതുവില്‍ ലഭ്യമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്‍പ്പടെ ഇവ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും ശ്രീനിവാസ് എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. നിയമമനുസരിച്ച് ആധാര്‍വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അത് പരസ്യമാക്കുന്നതില്‍ വിലക്കുണ്ടെന്നും ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.