സ്കൂള്‍ വാന്‍ ട്രെയിനിലിടിച്ച് 13 കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ കുശിനഗറില്‍ വ്യാഴാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. സ്‌കൂള്‍ വാനില്‍ ട്രെയിന്‍ തട്ടി 13 വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടത്. കുശിനഗര്‍ നഗരത്തിന് സമീപം ദുധിയിലുള്ള ലെവല്‍ക്രോസിലാണ് സംഭവം. ആളില്ലാത്ത ലെവല്‍ക്രോസില്‍ പാളം മുറിച്ചുകടക്കുന്നതിനിടെയാണ് വാനില്‍ ട്രെയിന്‍ ഇടിച്ചത്. ഡിവൈന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ 30ഓളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ഇതില്‍ എട്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിട്ടുണ്ട്. ബസ് അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു.ചെറിയ വാനില്‍ കുട്ടികളെ കുത്തി നിറച്ചാണ് കൊണ്ട് പോയിരുന്നത്.