വിവാഹസമ്മാനമായി നല്‍കിയത് പാര്‍സല്‍ ബോംബ്‌ ; വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു

വിവാഹസമ്മാനമായി ലഭിച്ച പാര്‍സല്‍ ബോംബ്‌ പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ വരന്‍ സൗമ്യശേഖറും മുത്തശ്ശിയും മരിക്കുകയും ഭാര്യ റീമയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പുഞ്ജിലാല്‍ മെഹര്‍ എന്നയാളെ പോലീസ് പിടികൂടി. ക്രൈം ബ്രാഞ്ചാണ് ബുധനാഴ്ച ഇയാളെ അറസ്റ്റ് ചെയ്തത്. മരിച്ച നവവരന്‍ സൗമ്യശേഖറിന്റെ അമ്മ, സഞ്ജുക്താ സാഹുവിനോട് പ്രതികാരം തീര്‍ക്കാന്‍ പുഞ്ജിലാല്‍, ബോംബ് സമ്മാനപ്പൊതിയിലാക്കി കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. സഞ്ജുക്ത അധ്യാപികയായിരുന്ന ജ്യോത് വികാസ് ജൂനിയര്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പാളായിരുന്നു പുഞ്ജിലാല്‍.

പുഞ്ജിലാലിനെക്കാള്‍ സീനിയോറിറ്റി സഞ്ജുക്തയ്ക്കായിരുന്നു. അതിനാല്‍ തന്നെ ചട്ടപ്രകാരം സഞ്ജുക്തയ്ക്ക് പ്രിന്‍സിപ്പാള്‍ സ്ഥാനം ലഭിച്ചു. അതോടെ പുഞ്ജിലാലിന് തന്‍റെ സ്ഥാനം ഒഴിയേണ്ടി വന്നു. ഇതിനുള്ള പകരം വീട്ടലായിരുന്നു വിവാഹത്തിന് പാര്‍സല്‍ ബോംബ്‌ നല്‍കിയത്. ദീപാവലിക്കു വാങ്ങിയ പടക്കങ്ങളില്‍നിന്നാണ് ഇയാള്‍ വെടിമരുന്ന് ശേഖരിച്ചതെന്നും പോലീസ് പറഞ്ഞു. 2014 ലാണ് സഞ്ജുക്ത കോളേജില്‍ അധ്യാപികയായി ചേര്‍ന്നത്. പുഞ്ജിലാലിനെക്കാള്‍ സീനിയറായിരുന്നു സഞ്ജുക്ത. ചട്ടപ്രകാരം, സ്വാഭാവികമായി സഞ്ജുക്തയായിരുന്നു പ്രിന്‍സിപ്പാള്‍ ആകേണ്ടിയിരുന്നത്. എന്നാല്‍ സ്ഥാനം വിട്ടുകൊടുക്കാന്‍ പുഞ്ജിലാല്‍ തയ്യാറായിരുന്നില്ല.