സിനിമകളിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമരംഗങ്ങള്‍ ; പുകവലിക്ക് ഉള്ളത് പോലെ മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശം
ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെട്ട രംഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിനിമകളിലും സീരിയലുകളിലും കാണുന്നത് സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ലൈംഗിക പീഡനം ഉള്‍പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാന്‍ കാരണമായേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സാംസ്‌കാരിക സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. വിഷയം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. നിലവില്‍ പുകവലി,മദ്യപാനം, ഹെല്‍മെറ്റ് ഇല്ലാതെയുള്ള വാഹനയാത്ര എന്നിവയ്ക്ക് സിനിമകളില്‍ മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.