ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിന് എതിരെ പോലീസ് കേസ്

കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ബിജെപിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരെ പോലീസ് കേസ്. ബിജെപി സംസ്ഥാന മീഡിയാ കണ്‍വീനറും സംസ്ഥാന കമ്മിറ്റിയംഗവുമായ സന്ദീപ് ആര്‍. വാചസ്പതി ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നടപടി. ബെംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ എന്‍ജിനീയറായ ദീപക് ശങ്കരനാരായണനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

വിഷയത്തില്‍ നിയമോപദേശം തേടിയ ഡിജിപി കേസെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്യാനുള്ള നീക്കവും നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്. പരാതിക്കാരനായ സന്ദീപിനെ വിളിച്ചുവരുത്തി സൈബര്‍ പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തി.