ലിഗയുടെ മരണം കൊലപാതകം എന്ന് സൂചന ; പ്രദേശവാസി പിടിയില്‍

കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു പ്രത്യേക സംഘത്തിനു സൂചന. പ്രതികളുടെ അറസ്റ്റ് രണ്ടു ദിവസത്തിനുള്ളില്‍ രേഖപ്പെടുത്തും. കൊലപാതകമാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഫോറന്‍സിക് വിഭാഗം പോലീസിനു െകെമാറി. പ്രത്യേകസംഘത്തലവന്‍ തിരുവനന്തപുരം കമ്മിഷണര്‍ പി. പ്രകാശ് ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍ ഉണ്ട് .ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പം ആയിരുന്നു വിദേശവനിത ലിഗ പൊന്തക്കാട്ടിലേക്കു പോകുന്നതു കണ്ടെന്നു മൊഴി. കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ വിവരം പോലീസിനു ലഭിച്ചു. കസ്റ്റഡിയിലെടുത്ത അഞ്ചുപേരില്‍ നിന്നു അന്വേഷണം ഒരാളിലേക്കു കേന്ദ്രീകരിച്ചിട്ടുണ്ട്. കണ്ടല്‍ കാട്ടിലെ വള്ളികള്‍ ചേര്‍ത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഉപയോഗിച്ചു ലിഗയെ കൊലപ്പെടുത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്. പൂനം തുരുത്തിലെ കാട് വെട്ടിത്തെളിച്ചപ്പോഴാണു കാട്ടുവള്ളികള്‍ ചേര്‍ത്തുകെട്ടിയ കുരുക്ക് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

കോവളത്തെ അനധികൃത ടൂറിസ്റ്റ് ഗൈഡുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശികളെ യോഗ പരിശീലിപ്പിക്കുന്നയാളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്നു സംഘത്തില്‍പ്പെട്ടയാളാണ് ലിഗയെ കാട്ടിനുളളിലേക്കു കൊണ്ടുവന്നതെന്നു പ്രത്യേക സംഘം സംശയിക്കുന്നു. ഒറ്റയ്ക്കെത്തുന്ന വിദേശികളെ ലഹരിവസ്തുക്കള്‍ നല്‍കി പാട്ടിലാക്കുന്ന സംഘത്തെക്കുറിച്ച് സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.
ലിഗയുടെ മൃതദേഹം തിരിച്ചറിഞ്ഞ സഹോദരി ഇല്‍സി, വസ്ത്രങ്ങള്‍ ലിഗയുടേതു തന്നെയെന്നു മൊഴി നല്‍കിയെങ്കിലും ഓവര്‍ക്കോട്ട് ലിഗയുടേതല്ലെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇതു കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം മുന്നോട്ട് പോകുന്നത്. വിദേശ നിര്‍മ്മിതമായ ബ്രാന്‍ഡഡ് ഓവര്‍ക്കോട്ടാണ് മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയത്.ബീച്ചിലേക്ക് ലിഗയ്‌ക്കൊപ്പം നടന്ന് പോയത് ആരെന്ന ചോദ്യത്തിനാണ് പോലീസിന് ആദ്യം ഉത്തരം ലഭിക്കേണ്ടത്. ലിഗയെ അവസാനമായി കണ്ടു എന്ന് കണക്കാക്കുന്ന കോവളം ബീച്ചിലെ ലൈംഗിക തൊഴിലാളിയായ നാല്‍പത് കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഇയാളാണ് അവാസാനമായി ലിഗയോട് ബീച്ചില്‍ വെച്ച് സംസാരിച്ചിരുന്നതെന്ന് ചില യുവാക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ വിദേശികളെ ആക്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു. ഇതോടെ ഇയാളെ കോട്ടയത്ത് വെച്ച് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. ലിഗയുമായി സംസാരിച്ച ഇയാള്‍ ലഹരി സിഗരറ്റ് നല്‍കി ലിഗയെ കണ്ടല്‍കാടുകള്‍ക്കിടയിലേക്ക് കൂട്ടിക്കൊണ്ട് പോയതാകാം എന്നാണ് കണക്കാക്കുന്നത്. ലഹരിയില്‍ ആയതിനാല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിഗയ്ക്ക് പ്രതിരോധിക്കാന്‍ കഴിയാതിരുന്നതാവാം എന്നും ഇതിനിടെ ഇരുവരും തമ്മില്‍ നടന്ന മല്‍പ്പിടത്തത്തിനിടയിലാവാം ലിഗ കൊല്ലപ്പെട്ടതെന്നുമാണ് പോലീസിന്റെ നിമനം. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കണ്ടല്‍ക്കാടുകള്‍ക്കിടയിലേക്ക് പുരുഷ ലൈംഗിക തൊഴിലാളികള്‍ ധാരാളമായി എത്താറുണ്ടെന്നതും ഇയാളാകാം പ്രതി എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ലിഗയെ താന്‍ കണ്ടിരുന്നതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. താന്‍ അവരെ ഗ്രോവ് ബീച്ചില്‍ വെച്ച് കണ്ടിരുന്നു. തന്നോട് സിഗരറ്റ് ചോദിച്ചപ്പോള്‍ താന്‍ നല്‍കി. ഇതിന് പിന്നാലെ അവര്‍ അത് വലിച്ച് അവര്‍ ബീച്ചിലൂടെ നടന്നു. എന്നാല്‍ അവര്‍ക്ക് സിഗരറ്റ് നല്‍കിയപ്പോള്‍ തന്നെ താന്‍ തിരിഞ്ഞ് നടന്നിരുന്നു. അതുകൊണ്ട് തന്നെ അവര്‍ പിന്നീട് എങ്ങോട്ട് നടന്നു പോയി എന്നത് തനിക്ക് അറിയില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ മൊഴി വിശ്വാസത്തിലെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. കഴുത്തില്‍നിന്നു തല വേര്‍പെട്ട നിലയിലാണു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മരണം ശ്വാസംമുട്ടിയാകാമെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ധര്‍ തയാറാക്കിയ ഫൊറന്‍സിക് പരിശോധനാഫലം സൂചിപ്പിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നു ലഭിക്കുന്നതോടെ മരണകാരണത്തില്‍ വ്യക്തത ലഭിക്കും.

അതുപോലെ വാഴക്കുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വാഴക്കുളം കണ്ടല്‍ക്കാടുകള്‍ സാമൂഹികവിരുദ്ധ സംഘത്തിന്റെ പിടിയിലായിരുന്നു. ഈ സംഘത്തിലെ ചിലര്‍ കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്തുനിന്നു വിട്ടുനില്‍ക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ലിഗ വാഴമുട്ടത്തെ കണ്ടല്‍ക്കാടിനുള്ളില്‍ കടന്നത് യുവാവിനോടൊപ്പമായിരുന്നുവെന്ന സൂചന പ്രത്യേകസംഘത്തിനു ലഭിച്ചു. ലിഗയ്ക്കായി ഇയാള്‍ ജിന്‍സ്, സിസേര്‍സ് എന്നീ ബ്രാന്‍ഡ് സിഗരറ്റുകള്‍ കോവളത്തുനിന്നു വാങ്ങിയതിന് അന്വേഷണസംഘത്തിനു തെളിവു ലഭിച്ചു.ലിഗ ഇയാളെ എങ്ങനെ പരിചയപ്പെട്ടെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നാട്ടുകാര്‍പോലും കയറാന്‍ മടിക്കുന്ന കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമില്ലാത്ത ലിഗ എത്തിയതിലൂന്നിയാണ് അന്വേഷണം. ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് രണ്ടുകിലോമീറ്റര്‍ ദൂരംമാത്രമാണു കണ്ടല്‍ക്കാട്ടിലേക്ക്. ലിഗ നീന്തല്‍ വിദഗ്ധയാണ്. അതേസമയം പീഡന തെളിവുകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയിട്ടില്ലെന്നതാണ് പോലീസിനെ കുഴക്കുന്നത്. 38 ദിവസങ്ങള്‍ക്ക് ശേഷം ജീര്‍ണിച്ച നിലയിലാണ് ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ പ്രാഥമിക പരിശോധനയില്‍ ലിഗയുടെ ശരീരത്തില്‍ നിന്ന് ഉമിനീരോ മറ്റ് ലൈംഗിക സ്രവങ്ങളോ ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് തഴിഞ്ഞിട്ടില്ല. വെയിലും മഴയുമൊന്നും ഏല്‍ക്കാതെ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിച്ചാലേ ഇതൊക്കെ ലഭിക്കുള്ളൂവെന്നിരിക്കെ ഇത്രയും ദിവസത്തിന് ശേഷം ഇത്തരം തെളിവുകള്‍ കണ്ടെത്തുന്നത് പോലീസിന് തലവേദനയാകും.