അശ്വതി ജ്വാലയെ കുടുക്കാന്‍ സി പി എം ; ലിഗയുടെ സഹോദരിയെ സഹായിച്ചതോടെ സര്‍ക്കാരിനും വിരോധമായി
വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവു നടത്തിയെന്ന ആരോപണം നിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല. പരാതിയെ കൃത്യമായി നേരിടുമെന്നും ഇതുമായി സംബന്ധിച്ച് നോട്ടീസുകളൊന്നും ലഭിച്ചിട്ടില്ലെന്നും അവര്‍ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്തൊക്കെ ആരോപണം ഉയര്‍ന്നാലും ലിഗയുടെ ബന്ധുക്കള്‍ക്കൊപ്പം നില്ക്കും. ഇവിടെ നിന്ന് പോകുന്നിടം വരെ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും അശ്വതി പറയുന്നു. ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അശ്വതി പണപ്പിരിവും തട്ടിപ്പും നടത്തിയെന്ന കോവളം സ്വദേശി അനില്‍കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇയാള്‍ സജീവ സി പി എം പ്രവര്‍ത്തകനാണ്. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഇടപെടലുകള്‍ നടത്തിയതിനാണ് അശ്വതിക്കെതിരേ പരാതി നല്‍കിയതെന്ന് സാമൂഹികപ്രവര്‍ത്തകരും പറയുന്നു. ലിഗയുടെ തിരോധാനം മുതല്‍ ബന്ധുക്കള്‍ക്കൊപ്പമുണ്ടായിരുന്ന ആളാണ് അശ്വതി ജ്വാല എന്ന സാമൂഹ്യപ്രവര്‍ത്തക. ലിഗയുടെ മരണത്തില്‍ ഇപടെട്ടതിലും ഇക്കാര്യം പറഞ്ഞ് 3.8 ലക്ഷംരൂപ പണപ്പിരിവ് നടത്തിയതിലും സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോവളം പനങ്ങോട് സ്വദേശി അനില്‍ക്കുമാര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. അശ്വതിയുടെ സാമ്പത്തിക ശ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. ഇവരുടെ സിറ്റിയിലുള്ള ഒഫീസും ആസ്തിയും സംശയം ജനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ പോലീസ് ഒഴിവാക്കി വിട്ട കേസ് കേരളത്തെ ആദ്യം അറിയിക്കുന്നത് അശ്വതിയാണ്. തിരുവനന്തപുരം നഗരത്തിലെമ്പാടും ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്ററുകളൊട്ടിക്കുന്ന ചിത്രം അശ്വതി സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചു. ഇതോടെ മാധ്യമങ്ങളും വിഷയത്തിന്റെ ഗൗരവം ഏറ്റെടുത്ത് വാര്‍ത്തകള്‍ നല്കി. ലിഗയെ കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ആന്‍ഡ്രൂസ് ഓരോ തവണ മാധ്യമങ്ങളെ കണ്ടപ്പോഴും സര്‍ക്കാരിനും പോലീസിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സമയങ്ങളിലെല്ലാം സഹായത്തിന് അശ്വതിയും ഉണ്ടായിരുന്നു. ഇതോടെയാണ് അശ്വതിക്കെതിരേ ആദ്യം സോഷ്യല്‍ മീഡിയയില്‍ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ വന്നത്. ഇതിനെല്ലാം പിന്നില്‍ സിപിഎം സൈബര്‍ വിംഗിലെ ഒരുകൂട്ടരെന്ന ആരോപണമാണ് അശ്വതിയെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്നത്. അതേസമയം ലിഗയുടെ പേരില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല പണപ്പിരിവു നടത്തിയെന്ന ആരോപണത്തില്‍ മറുപടിയുമായി ലിഗയുടെ സഹോദരി ഇലീസ്. പണപ്പിരിവു നടത്തിയെന്ന ആരോപണം തെറ്റാണ്. അശ്വതിക്കെതിരായ പരാതി ശരിയല്ല. കേസുമായി ബന്ധപ്പെട്ടുള്ള അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും ഇലീസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അതുപോലെ വിദേശ വനിത ലിഗയെ കാണാതായത് മുതലുള്ള എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്ത സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെയുള്ള പോലീസ് നീക്കം അപലപനീയമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന് അഭിപ്രായപ്പെട്ടു. സത്യം കണ്ടെത്തുന്നതിന് നിരന്തരമായി ശ്രമിച്ച അശ്വതിയെ അഭിനന്ദിക്കുന്നതിന് പകരം ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പോലീസിന്റെ നടപടി വിചിത്രമാണ്. പോലീസിന്റെയും സര്‍ക്കാരിന്റെയും വീഴ്ചകളെ കുറിച്ചും പാളിച്ചകളെ കുറിച്ചും പ്രതികരിക്കുന്നവരുടെ മനോവീര്യം തകര്‍ക്കാനും അവരെ നിര്‍വീര്യരാക്കാനുമുള്ള ഇത്തരം ഹീനതന്ത്രങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് ഇനിയെങ്കിലും ഭരണ-പോലീസ് നേതൃത്വം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.