ലിഗയെ കൊലപ്പെടുത്തിയത് മൂന്നുപേര്‍ ചേര്‍ന്ന്; യോഗ പരിശീലകനും ബന്ധം?

വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ സംഘത്തില്‍ മൂന്നുപേരാണ് ഇടപെട്ടതെന്ന് സൂചന. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. സ്ഥലത്തുനിന്നു മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി പെലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ലിഗയെ കാട്ടിലെത്തിച്ചതു യോഗ പരിശീലകനാണെന്നുമാണ് പെലീസ് കണ്ടെത്തല്‍. വള്ളത്തില്‍ നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി പുറത്തു വരുന്നതോടെയാകും അറസ്റ്റ് സംബന്ധിച്ച കാര്യങ്ങളിലേക്ക് നീങ്ങുകയെന്ന് പെലീസ് അറിയിച്ചു.

ലിഗയുടെ കെലാപാതകവുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു സംഘം ചേര്‍ന്നുള്ള ആക്രമത്തിലാണ് കൊലപാതകം എന്നു വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നത്. കഴുത്തിനേറ്റ കനത്ത ക്ഷതമാണു മരണകാരണമെന്നും ശരീരത്തില്‍ പത്തിലേറെ മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കഴുത്തിലേറ്റ ക്ഷതം മൂര്‍ച്ചയുള്ള ആയുധം കൊണ്ടല്ല, ചവിട്ടി ഞെരിച്ചതോ ശ്വാസം മുട്ടിച്ചതോ ആകാം. പത്തിലേറെയിടങ്ങളില്‍ മുറിവുകളുണ്ട്. ഇതു പരിശോധിച്ചപ്പോഴാണ് ഒന്നിലധികം പേര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന നിഗമനത്തിലേക്ക് ഫൊറന്‍സിക് സര്‍ജന്‍മാര്‍ എത്തിയത്. മൃതദേഹം പഴകിയതിനാല്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാനായില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

ഒന്നിലേറെപ്പേര്‍ ചേര്‍ന്നുള്ള ആക്രമണമെന്നു റിപ്പോര്‍ട്ട്‌ വ്യക്തമാക്കിയതോടെ കൊലപാതകത്തിനു പിന്നില്‍ ലഹരി സംഘങ്ങളാണന്ന സംശയം പൊലീസിന് ബലപ്പെട്ടിരുന്നു. സംഘാംഗങ്ങളായ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇതിനിടെ, പൊലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായ ഉടന്‍ കാര്യക്ഷമമായി പ്രതികരിച്ചിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നെന്നാണ് ഇലിസ് പറഞ്ഞത്.