ഹോളിവുഡ് സിനിമകളില്‍ നിന്നും മോഷ്ടിച്ച രംഗങ്ങളുമായി “മരക്കാര്‍ അറബിക്കടലിന്റെ സിംഹ”ത്തിന്‍റെ ലോഞ്ചിംഗ്

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനംചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ ലോഞ്ചിംഗ് കഴിഞ്ഞ ദിവസം നടന്നു. കുഞ്ഞാലിമരയ്ക്കാറിന്റെ ജീവിതകഥയാണ് അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ഏറ്റവും ചിലവു കൂടിയ ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. കൂടാതെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്, മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റെും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. നൂറ് കോടിയായിരിക്കും സിനിമയുടെ ബജറ്റ്. നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. എന്നാല്‍ ടൈറ്റിലും ടീസറും മോഷണമാണ് എന്നാണു സോഷ്യല്‍ മീഡിയ പറയുന്നത്. മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാറിനു മറുപടി നല്‍കാന്‍ തട്ടിക്കൂട്ടി ഉണ്ടാക്കിയതാണ് രണ്ടുമെന്നും അവര്‍ പറയുന്നു.

നൂറു കോടി മുടക്കുന്ന ഒരു ചിത്രത്തിന് ചേര്‍ന്ന ടൈറ്റില്‍ അല്ല സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ ഹോളിവുഡ് ചിത്രമായ പൈരട്‌സ് ഓഫ് കരീബിയനിലെ കപ്പല്‍ രംഗങ്ങള്‍ കട്ട് ചെയ്താണ് ടീസര്‍ ഉണ്ടാക്കിയിരിക്കുന്നത്. തീര്‍ന്നില്ല ടൈറ്റില്‍ ടീസറിലെ ഡയലോഗ് ഡെലിവറി വളരെ മോശമാണ് എന്ന അഭിപ്രായം ലാല്‍ ഫാന്‍സ് പോലും പറയുന്നു. മുന്‍പ് മോഹന്‍ലാല്‍ അഭിനയിച്ച കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയെ ഓര്‍മ്മിക്കുന്ന തരത്തിലുള്ളതാണ് ടീസറിലെ ഡയലോഗ് ഡെലിവറി. നേരത്തെ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന കുഞ്ഞാലി മരക്കാര്‍ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാരും അണിയറയില്‍ ഒരുങ്ങുകയാണ്. സന്തോഷ് ശിവന്റെ സംവിധാനത്തിലെത്തുന്ന ചിത്രം ഷാജി നടേശന്റെ കീഴിലുള്ള ആഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ വരുന്നതിനാല്‍ തന്റെ കുഞ്ഞാലി മരക്കാര്‍ വേണ്ടെന്ന് പ്രിയദര്‍ശന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എട്ട് മാസത്തെ സമയത്തിനുള്ളില്‍ മമ്മൂട്ടി ചിത്രം ആരംഭിച്ചില്ലെങ്കില്‍ താന്‍ സിനിമയുമായി മുന്നോട്ട് പോവുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. എന്നാല്‍ പറഞ്ഞ വാക്ക് പാലിക്കാന്‍ ഇങ്ങനെ തട്ടിക്കൂട്ട് പരിപാടി നടത്തേണ്ടിയിരുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.