ശ്രീജിത്തിനെ പോലീസുകാര്‍ മര്‍ദിച്ചത് മനുഷ്യത്വം ഇല്ലാത്ത രീതിയില്‍ ; ഇതിനും മാത്രം എന്ത് ഭീകരകുറ്റമാണ് ആ യുവാവ് ചെയ്തത് ; പോലീസ് മാത്രമല്ല മറുപടി പറയേണ്ടത് സര്‍ക്കാരും

ഇതിനും മാത്രം എന്ത് ക്രൂരമായ തെറ്റാണ് ശ്രീജിത്ത് ചെയ്തത് എന്നാണു എല്ലാവരും ചോദിക്കുന്നത്. കൊലപാതകികളും , ബലാല്‍സംഗവീരന്മാരും , കള്ളക്കടത്തുകാരും സസുഖം വാഴുന്ന ഈ നാട്ടില്‍ ശ്രീജിത്തിനു പോലീസ് നല്‍കിയത് ക്രൂരതയുടെ നിമിഷങ്ങള്‍. ഉന്നത തലത്തില്‍ നിന്നും വന്ന പ്രത്യേക നിര്‍ദേശപ്രകാരമാണ് പോലീസ് ശ്രീജിത്തിനെ ഇത്രയും ക്രൂരമായി മര്‍ദിചത് എന്ന് വ്യക്തമായി കഴിഞ്ഞു. എന്നാല്‍ കുറ്റം മുഴുവന്‍ സാധാ പോലീസുകാരുടെ തലയില്‍ കെട്ടിവെക്കുവാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസ് ശ്രീജിത്തിനെതിരെ മൂന്നാം മുറ പ്രയോഗിച്ചു എന്ന് പറയുന്നുണ്ടായിരുന്നു. ലോക്കപ്പില്‍ വച്ച് ഉരുട്ടല്‍ അടക്കമുള്ള മര്‍ദനമുറകളും ശ്രീജിത്തിന് നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം വാരാപ്പുഴ സ്റ്റെഷനിലാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോഴിതാ സംഭവത്തില്‍ മുനമ്പം പോലീസും കുടുങ്ങിയിരിക്കുകയാണ്. ഇവര്‍ക്കും കേസുമായി ബന്ധമുണ്ടെന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം ആദ്യം കൊണ്ടുപോയത് വരാപ്പുഴ സ്റ്റേഷനിലേക്കല്ല. പോലീസുകാര്‍ മുനമ്പം സ്റ്റേഷനിലേക്കാണ് ശ്രീജിത്തിനെ കൊണ്ടുപോയത്. ആ ദിവസം രാത്രി മൂന്നൂ മണിക്കൂറോളം ശ്രീജിത്തിനെ ഇവര്‍ തല്ലിച്ചതച്ചു. ശ്രീജിത്തിനെ വൈകിട്ട് ആറിനാണ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീട് ആര്‍ടിഎഫ് മുനമ്പം എസ്ഐക്ക് കൈമാറുകയായിരുന്നു. ഇത്രയും കാലം മുനമ്പം സ്റ്റേഷന്‍ കേസിന്റെ ഭാഗമല്ലായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ മുനമ്പം സ്റ്റേഷനിലെ പോലീസ് ശരിക്കും പ്രതിക്കൂട്ടിലായിരിക്കുകയാണ്. ശ്രീജിത്തിനെ ഏറ്റവുമധികം മര്‍ദിച്ചത് മുനമ്പം സ്റ്റേഷനിലെ പോലീസുകാരാണ്. കസ്റ്റഡിയിലെടുത്ത ശേഷം മര്‍ദനമൊഴിഞ്ഞ നേരം ശ്രീജിത്തിന് ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുനമ്പം എസ്ഐക്ക് കൈമാറിയ ശേഷം കടുത്ത മര്‍ദനമാണ് ശ്രീജിത്ത് നേരിട്ടത്. എസ്ഐയുടെ ജീപ്പില്‍ വച്ച് ഇവര്‍ ശ്രീജിത്തിന്റെ ചവിട്ടിക്കൂട്ടി. ഒരു പ്രതിക്ക് ന്യായമായും കിട്ടേണ്ട അവകാശങ്ങളൊക്കെ നിഷേധിക്കുകയും ചെയ്തു. ജീപ്പിലെ മര്‍ദനത്തിലാണ് ശ്രീജിത്തിന് കാര്യമായി പരിക്കേറ്റത്. മണിക്കൂറുകളോളം മര്‍ദനം തുടരുകയും ചെയ്തു. ശ്രീജിത്ത് കരഞ്ഞ് പറഞ്ഞിട്ടും ഇവര്‍ മര്‍ദനം തുടരുകയായിരുന്നു. മുനമ്പം പോലീസിനെതിരെ ഗുരുതര റിപ്പോര്‍ട്ടുകളാണ് ലഭിച്ചിരിക്കുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. മുനമ്പം എസ്ഐ ഷിബുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തിട്ടുണ്ട്. വാസുദേവന്‍ ജീവനൊടുക്കിയ ദിവസം മുനമ്പം എസ്ഐ രാത്രി വരെ ദേവസ്വംപാടത്ത് ഉണ്ടായിരുന്നു.

ഷിബുവിനാണ് ശ്രീജിത്തിനെ ആദ്യം കൈമാറിയത് ഷിബുവിനാണെന്ന് ആര്‍ടിഎഫ് സ്‌ക്വാഡ് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സുപ്രധാന വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭിച്ചെന്നാണ് സൂചന. സ്റ്റേഷനില്‍ എത്തിച്ച കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് മര്‍ദനം നടന്നിട്ടില്ല എന്ന കാര്യം ഇയാള്‍ക്ക് നിഷേധിക്കാനാവില്ല. ഇനി നിഷേധിച്ചാല്‍ തന്നെ മുനമ്പത്ത് ശ്രീജിത്തിനെ ഇത്ര നേരം കസ്റ്റഡിയില്‍ വെച്ചതെന്തിനെന്ന ചോദ്യവുണ്ടാകും. സംഭവത്തില്‍ മുനമ്പം എസ്ഐ ഷിബുവാണ് കുരുക്കിലായിരിക്കുന്നത്. ഇയാളെ കൊണ്ടുപോയതും തല്ലിച്ചതച്ചിനും നേതൃത്വം നല്‍കിയത് ഷിബുവാണ്. പിടികൂടി മണിക്കൂറുകള്‍ കഴിഞ്ഞാണ് ശ്രീജിത്തിനെ വരാപ്പുഴ സ്റ്റേഷനില്‍ എത്തിച്ചത്. ഇത്രയും സമയം എവിടെയായിരുന്നു എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യമാണ് മുനമ്പം സ്റ്റേഷനിലെ പോലീസുകാരെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഇത്രയും നേരം മറ്റേതെങ്കിലും സ്റ്റേഷനില്‍ ശ്രീജിത്തിനെ എത്തിച്ചതാവാനാണ് സാധ്യതയെന്ന് അന്വേഷണ സംഘം കണക്ക് കൂട്ടിയിരുന്നു. ഇത് അനധികൃതമായിട്ടാണെന്നാണ് സൂചന. ഇവര്‍ നേരത്തെ തന്നെ വരാപ്പുഴ സ്റ്റേഷനിലേക്ക് ശ്രീജിത്തിനെ കൈമാറേണ്ടതായിരുന്നു.

എന്നാല്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദിക്കാന്‍ ഉന്നത തലത്തിലുള്ള സമ്മര്‍ദം ഉണ്ടായിരുന്നുവെന്നാണ് സൂചന. വരാപ്പുഴ സ്റ്റേഷനിലേക്ക് മുനമ്പം പോലീസ് ശ്രീജിത്തിനെ കൈമാറുമ്പോള്‍ തീര്‍ത്തും അവശനായിരുന്നു ശ്രീജിത്ത്. ക്ഷീണ കാരണം ഇയാള്‍ നിലത്ത് കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തിരുന്നു. എസ്ഐ ദീപക് പുലര്‍ച്ചെയോടെ സ്റ്റേഷനില്‍ എത്തിയപ്പോള്‍ നിലത്ത് കിടന്ന് ഉറങ്ങുന്ന ശ്രീജിത്തിനെയാണ് കണ്ടത്. ഇത് എസ്ഐയെ ദേഷ്യം പിടിപ്പിക്കുകയായിരുന്നു. മറ്റ് പ്രതികള്‍ ദീപക്കിനെ കണ്ടപ്പോള്‍ ഏഴുന്നേറ്റ് നിന്നെങ്കിലും ശ്രീജിത്തിന് അതിന് സാധിച്ചില്ല. ഇയാള്‍ ഉറക്കത്തില്‍ തന്നെയായിരുന്നു. മര്‍ദനമേറ്റതിനാല്‍ ശ്രീജിത്തിന് ഏഴുന്നേല്‍ക്കാന്‍ പോലുമുള്ള ആരോഗ്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് ദീപക് ശക്തമായി ശ്രീജിത്തിനെ ചവിട്ടിയെങ്കിലും ഏഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ശ്രീജിത്തിന് തന്നെ അനുസരിക്കാന്‍ മടിയാണെന്നും എഴുന്നേല്‍ക്കുക പോലും ചെയ്യുന്നില്ലെന്ന് കരുതിയാണ് തുടര്‍ന്നുള്ള മര്‍ദനങ്ങള്‍ ദീപക്കിന്റെ നേതൃത്വത്തില്‍ നടന്നതെന്നാണ് സൂചന. മറ്റ് പ്രതികള്‍ അവശനായി കിടക്കുന്ന ശ്രീജിത്തിനെ ഏഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവശത കാരണം അതിന് സാധിച്ചിരുന്നില്ല. മുനമ്പം സ്റ്റേഷനിലെ കടുത്ത മര്‍ദനമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എസ്ഐ ദീപക്ക് ഇത് നേരത്തെ അറിഞ്ഞിരുന്നുവോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പക്ഷേ ഈ അവശത കാര്യമാക്കാതെയാണ് എസ്ഐ ദീപക്കിനെ മര്‍ദിച്ചതെന്നാണ് സൂചന.