ദമ്മാം ഇന്ത്യന്‍ സ്‌ക്കൂള്‍ ഇലക്ഷനില്‍ സുനില്‍ മുഹമ്മദിനെ വിജയിപ്പിയ്ക്കുക: നവയുഗം
ദമ്മാം: ദമ്മാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌ക്കൂളിന്റെ മാനെജ്‌മെന്റ് കമ്മിറ്റിയിലേയ്ക്ക് നടക്കുന്ന ഇലക്ഷനില്‍ ഏക മലയാളി സ്ഥാനാര്‍ഥിയായ സുനില്‍ മുഹമ്മദിനെ വിജയിപ്പിയ്ക്കാനായി കിഴക്കന്‍ പ്രവിശ്യയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ അറുപതു ശതമാനത്തിലധികം വരുന്ന മലയാളി സമൂഹത്തിന് സ്‌ക്കൂള്‍ മാനെജ്‌മെന്റ് കമ്മിറ്റിയില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിയ്ക്കാതിരിയ്ക്കാന്‍, കഴിഞ്ഞ തവണ മാനെജ്‌മെന്റ് കമ്മിറ്റിയില്‍ രണ്ടു മലയാളി പ്രാതിനിധ്യം ഉണ്ടായിരുന്നത്, ഇത്തവണ ഒന്നാക്കി കുറയ്ക്കുന്ന വിധത്തില്‍, മാനെജ്‌മെന്റ് പ്രതിനിധികളുടെ തെരഞ്ഞെടുപ്പില്‍ പുതിയ ജനാധിപത്യവിരുദ്ധമായ ഭേദഗതികള്‍ വരുത്താന്‍, ചില തത്പരലോബികള്‍ നടത്തിയ കളികള്‍ മൂലം കഴിഞ്ഞിട്ടുണ്ട്. അതിനെതിരെ നിയമനടപടികള്‍ അടക്കമുള്ള, പ്രതിഷേധ പരിപാടികള്‍ നടത്താന്‍ യോജിച്ചു പ്രവര്‍ത്തിയ്ക്കുന്ന മലയാളി സംഘടനകളുടെ കൂട്ടായ്മയില്‍ നവയുഗവും മുന്നിലുണ്ട്.
നിലവിലെ അവസ്ഥയില്‍, സ്‌ക്കൂള്‍ മാനേജ്‌മെന്റില്‍ മലയാളി സമൂഹത്തിന്റെ ശബ്ദമായി ശക്തനായ ഒരു പ്രതിനിധി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ദാര്‍ അല്‍ സിഹ ആശുപത്രി ഓപ്പറേഷന്‍ മാനേജര്‍ ആയ സുനില്‍ മുഹമ്മദ്, പൊതുസമൂഹത്തില്‍ സുപരിചിതനും, വളരെ ഊര്ജ്ജസ്വലനും, ശക്തമായ വ്യക്തിത്വത്തിന് ഉടമയുമായ മികച്ച സ്ഥാനാര്‍ഥിയാണ്. സ്‌ക്കൂളിലെ സാധാരണക്കാരായ രക്ഷിതാക്കളുടെയും കുട്ടികളുടെയും ന്യായമായ ആവശ്യങ്ങള്‍ മാനെജ്‌മെന്റ് കമ്മിറ്റിയില്‍ ഉന്നയിച്ച് നേടിയെടുക്കാന്‍ സുനിലിന് കഴിയുമെന്ന കാര്യത്തില്‍ നവയുഗത്തിന് സംശയമില്ല.
മേയ് 4 വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പില്‍, എല്ലാ രക്ഷിതാക്കളും സ്‌ക്കൂളില്‍ എത്തി വോട്ടു ചെയ്യണമെന്നും, സുനില്‍ മുഹമ്മദിനെ ഏറ്റവും അധികം വോട്ടു നേടുന്ന സ്ഥാനാര്‍ഥിയായി വിജയിപ്പിയ്ക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍.ജിയും, ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറയും അഭ്യര്‍ഥിച്ചു.