കൊറിയകള്‍ ഒന്നിച്ചതുപോലെ ഇന്ത്യയും പാക്കിസ്ഥാനും ഒന്നിക്കണം എന്ന് പാക് മാധ്യമങ്ങള്‍

പതിറ്റാണ്ടുകള്‍ നീണ്ട പ്രശ്നങ്ങളും തര്‍ക്കങ്ങളും കൊറിയകള്‍ പറഞ്ഞു തീര്‍ത്തത് പോലെ ഡോണ്‍, ഡെയ്‌ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ഇന്ത്യയും പാകിസ്താനും സമാധാനത്തിനായി കൈകോര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്പരമുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെടുന്നു. ചരിത്രം, സ്വപ്നങ്ങള്‍, ജനങ്ങളുടെ ആവശ്യങ്ങള്‍ അങ്ങനെ എല്ലാം പ്രദേശത്തെ സമാധാനത്തിന് ആഹ്വാനം ചെയ്യുന്നതാണെന്നു ഡോണിലെ ലേഖനം പറയുന്നു.

കൊറിയന്‍ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ഡെയ്ലി ടൈംസിലെ ലേഖനത്തില്‍ ഇന്ത്യയും പാകിസ്താനും ഈ മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നു. 70 വര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ എന്നാണ് ഇന്ത്യയും പാകിസ്താനും പക്വത കാണിക്കുകയെന്ന് ലേഖനം ചോദിക്കുന്നു. ദേശീയ, പ്രാദേശിക താത്പര്യങ്ങള്‍ കണക്കിലെടുത്ത് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും ഡെയ്‌ലി ടൈംസ് ലേഖനത്തില്‍ ആവശ്യപ്പെടുന്നു.