ലിഗയുടെ മരണം ; അറസ്റ്റ് വൈകുന്നു ; വെളിപ്പെടുത്തലുമായി യോഗാ പരിശീലകന്‍
കോവളം തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ വനിത ലിഗ സ്‌ക്രൊമേനയുടെ കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നു. കേസുമായി ബന്ധപ്പെട്ട് നിലവില്‍ മൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ പക്കലുള്ളത്. അതേസമയം ലിഗയെ കണ്ടകാര്യം കസ്റ്റഡിയില്‍ ഉള്ളവര്‍ തന്നോട് പറഞ്ഞിരുന്നതായി യോഗ പരിശീലകന്‍ അനില്‍ പറയുന്നു . പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് അനില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കസ്റ്റഡിയില്‍ ഉള്ള ലഹരി സംഘങ്ങള്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. അവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണ്.ഇവരുടെ സ്ഥിരം സങ്കേതമാണ് ആ കണ്ടല്‍കാടെന്നും ലിഗയുടെ മരണത്തില്‍ അവര്‍ക്ക് പങ്കുണ്ടെന്നും അനില്‍ പറഞ്ഞു. തന്നെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ലിഗയുടെ മൃതദേഹം കണ്ടെടുത്ത ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നു.
തനിക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്നും അനില്‍ പറഞ്ഞു. എന്നാല്‍ ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന നിലപാടിലാണ് പോലീസ്. നാല്‍പ്പത് വയസുകാരനായ പുരുഷ ലൈഗിക തൊഴിലാളിയാണ് ലിഗയെ പ്രലോഭിപ്പിച്ച് കണ്ടല്‍ക്കാടിന് ഉള്ളില്‍ എത്തിച്ചതെന്നാണ് പോലീസ് നിഗമനം. ഇയാള്‍ ലിഗയ്ക്ക് ലഹരി സിഗരറ്റ് നല്‍കിയതായി പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ സിഗരറ്റ് നല്‍കിയ പിന്നാലെ താന്‍ അവിടുന്ന് പോയെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഇയാളെ കൂടാതെ ലഹരി സംഘത്തില്‍ പെട്ട നാല് പേരും പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. സംഘം ചേര്‍ന്നുള്ള ആക്രമത്തിലൂടെയാണ് ലിഗയെ കീഴ്‌പ്പെടുത്തിയതും കൊലപ്പെടുത്തിയതെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിത്തിലേറ്റ ക്ഷതം ആയുധം കൊണ്ടല്ലെന്നും മറിച്ച് ഒന്നിലധികം പേര്‍ ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ സംഭവിച്ചതാകാം എന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്. ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള ലഹരി സംഘത്തിലെ നാല് പേര്‍ ലിഗയെ കൂട്ടികൊണ്ടുപോകുന്നത് കണ്ടതായി പലരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പോത്തന്‍കോട് നിന്ന് കോവളത്ത് എത്തിയ ലിഗയെ തന്ത്രപരമായി പനത്തുറയില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇത് ചെറുത്തപ്പോഴാകാം കൊലനടത്തിയതെന്നാണ് പോലീസ് നിഗമനം.