ഗുജറാത്തില്‍ മുന്നൂറു ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു ; കാരണം പശുവിന്റെ പേരില്‍ തുടരുന്ന ആക്രമണങ്ങള്‍

ഗുജറാത്തിലെ ഉനയില്‍ 300 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. പശുവിന്റെ പേരില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ അഴിച്ചു വിടുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബുദ്ധമതം സ്വീകരിക്കുവാന്‍ തയ്യാറായിരിക്കുന്നത്.  ആക്രമണം നേരിട്ട നാല് ദളിത് കുടുംബങ്ങള്‍ ബുദ്ധമതം സ്വീകരിക്കുന്നതായി നേരത്തേ വ്യക്തമാക്കിയിരുന്നു. നിലപാട് പ്രഖ്യാപിച്ച പിന്നാലെ ഇവര്‍ക്കെതിരെ വധഭീഷണി വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് മുന്നൂറ് ദളിതര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഹിന്ദുക്കളായി പരിഗണിക്കുന്നില്ലെന്നും ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കാറില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.ശ്രീബുദ്ധന്റെ ജന്മദിനമായ ബുദ്ധപൂര്‍ണിമയോടനുബന്ധിച്ച് മോത സമാഥിയാല ഗ്രാമത്തില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ബുദ്ധമതത്തിലേക്കു മാറിയത്. 2016 ജുലൈയില്‍ ഗിര്‍സോമനാഥ് ജില്ലയിലെ ഉനയിലായിരുന്നു ചത്തപശുവിന്റെ തേലുരിച്ചെന്ന് ആരോപിച്ച് സര്‍വ്വയ കുടുംബത്തിലെ നാല് പേരടക്കം ഏഴ് പേരെ ആക്രമിച്ചത്.

പശുവിന്റെ ജഡം നീക്കം ചെയ്ത് തോലുരിക്കാന്‍ ശ്രമിക്കവേയായിരുന്നു ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ദളിതരെ വളഞ്ഞിട്ട് ആക്രമിച്ചത്. ഏതോ വന്യമൃഗം കൊന്നിട്ട് തള്ളിയ പശുവിന്റെ ജഡം നീക്കം ചെയ്ത് തോലുരിക്കാന്‍ നോക്കവേയായിരുന്നു ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഉനയില്‍ ആക്രമിക്കപ്പെട്ട ബാലുഭായി സര്‍വയ്യ, മക്കളായ രമേഷ്, വാസാറം , ബാലുഭായിയുടെ ഭാര്യ കണ്‍വര്‍ സര്‍വയ്യ, മരുമകന്‍ അശോക് സര്‍വയ്യ, ബെചാര്‍ സര്‍വയ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള 300 പേരാണ് ഇന്നലെ ബുദ്ധമതം സ്വീകരിച്ചത്. ഉനയില്‍ ആക്രമണത്തിനിരയായ ദേവ്ജിഭായി ബാബറിയയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ചടങ്ങിനെത്താനായില്ല.

ആക്രമണം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നീതി കിട്ടിയില്ല. ഇപ്പോഴും എല്ലാ പ്രതികളും ജാമ്യത്തില്‍ ഇറങ്ങി വിലസുകയാണ്. ഞങ്ങള്‍ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിതമായിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ ദളിതരും ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് തന്നെയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആക്രമണത്തിന് ഇരയായ ആസാറാമിന്റെ പിതാവ് ബാലു സര്‍വ്വയ്യ പറഞ്ഞു. ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ തങ്ങള്‍ക്ക് അര്‍ഹതയില്ല. ഹിന്ദുക്കളായി പോലും പരിഗണിക്കുന്നില്ല. ഇപ്പോഴും വിവേചനം തുടരുകയാണ് സര്‍വയ്യ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കീഴില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് ഇരയായത് 2670 പേരായിരുന്നു. ഇതില്‍ ഭൂരിഭാഗം പേരും മുസ്ലീങ്ങളും ദളിതരുമാണ്. ബീഫ് വില്‍ക്കുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ മറവിലാണ് ഭൂരിഭാഗം കൊലപാതകങ്ങളും അരങ്ങേറിയത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ രാജ്യത്ത് 489 വിദ്വേഷ അതിക്രമങ്ങള്‍ അരങ്ങേറിയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 2670 പേരാണ് ഇരകളാക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടന്നത് ഉത്തര്‍പ്രദേശിലാണ്. ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ തുടങ്ങുന്ന സംഘര്‍ഷങ്ങള്‍ പിന്നീട് വലിയ വര്‍ഗീയ കലാപങ്ങളായി മാറുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലേറിയ 2014 മുതല്‍ ഇതുവരെ രാജ്യത്ത് 54 പേരെയാണ് ആള്‍ക്കൂട്ടം അടിച്ചുകൊന്നത്. ഇതില്‍ ഏറെയും ബീഫിന്റെ പേരിലായിരുന്നു.ആള്‍ക്കൂട്ടം അടിച്ചുകൊന്ന 54 പേരില്‍ 40 പേരും മുസ്ലിങ്ങളും ശേഷിക്കുന്നവര്‍ ദളിതുമാണ്.