ഫേസ്ബുക്ക് മാത്രമല്ല ട്വിറ്ററില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നു
ഫേസ്ബുക്ക് മാത്രമല്ല ട്വിറ്ററും ഉപയോക്തക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്ന് റിപ്പോര്‍ട്ട്. കേംബ്രിജ് അനലിറ്റിക്കയ്ക്ക് വേണ്ടി സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച് നല്‍കിയ അലക്‌സാണ്ടര്‍ കോഗന്‍ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് (ജിഎസ്ആര്‍) എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ഡിസംബര്‍ മുതല്‍ 2015 ഏപ്രില്‍ വരെയുള്ള ട്വീറ്റുകള്‍, യൂസര്‍നെയിം, ചിത്രങ്ങള്‍, പ്രൊഫൈല്‍ ചിത്രങ്ങള്‍, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവയാണ് കോഗന്‍ ട്വിറ്ററില്‍ നിന്നും വാങ്ങിയത്. ഇക്കാര്യം ട്വിറ്റര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്രപേരുടെ വിവരങ്ങളാണ് ജിഎസ്ആര്‍ കൈപ്പറ്റിയിട്ടുള്ളതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങള്‍ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും ട്വിറ്റര്‍ പറയുന്നു.
പഠനാവശ്യത്തിനെന്ന പേരിലാണ് അലക്‌സാണ്ടര്‍ കോഗന്‍ തന്റെ ആപ്ലിക്കേഷന്‍ വഴി ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെയും അവരുടെ സുഹൃത്തുക്കളുടെയുമടക്കം 8.7 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചത്. ഇത് ബ്രിട്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്ക് അനധികൃതമായി കൈമാറ്റം ചെയ്യുകയും ആ സ്ഥാപനം അത് രാഷ്ട്രീയ കക്ഷികളെ സഹായിക്കുന്നതിനായി പ്രയോജനപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ട്വിറ്ററിലെ ഭൂരിഭാഗം ട്വീറ്റുകളും പബ്ലിക് ആണ്. അവ ശേഖരിക്കുന്നതിന് ട്വിറ്റര്‍ കമ്പനികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം ഈടാക്കുന്നുണ്ട്. ഇങ്ങനെ വലിയ തോതിലുള്ള വിവരങ്ങള്‍ ഉപയോഗിച്ച് പൊതു അഭിപ്രായമെന്തെന്ന് മനസിലാക്കാനും ചില വിഷയങ്ങളുടെ സ്വീകാര്യത എത്രത്തോളമുണ്ടെന്ന് മനസിലാക്കാനും സാധിക്കും.